കടുത്തുരുത്തി: ചുഴലിക്കാറ്റിലും മഴയിലും കടുത്തുരുത്തി പഞ്ചായത്തിലെ വിവിധമേഖലകളിൽ വ്യാപകനാശം. ബുധനാഴ്ച പുലർച്ചെ മൂന്നോടെ മഴയ്‌ക്കൊപ്പമെത്തിയ കാറ്റാണ് എഴുമാന്തുരുത്ത്, പുലിത്തുരുത്ത് തുടങ്ങിയ പ്രദേശങ്ങളിൽ നാശംവിതച്ചത്. പുലിത്തുരുത്ത് കൊച്ചിരുവേലിക്കാട്ടിൽ കെ.കെ. ചന്ദ്രന്റെ മുറ്റത്തുനിന്നിരുന്ന മാവ് കടപുഴകി വീടിനു മുകളിലേക്ക് വീണു. എഴുമാന്തുരുത്ത് ചന്ദ്രബോസ് ഭവനത്തിൽ ചന്ദ്രബോസിന്റെ വീടിനു മുകളിലേക്കും മരം മറിഞ്ഞുവീണു. മുട്ടുചിറ വില്ലേജ് അധികൃതർ സ്ഥലത്തെത്തി വീടുകൾക്ക് സംഭവിച്ച നാശനഷ്ടം വിലയിരുത്തി. ആയാംകുടി മലപ്പുറം പള്ളിയ്ക്ക് സമീപം മരം കടപുഴകി ലൈനിലേക്ക് വീണ് വൈദ്യുത തൂണുകൾ ഒടിഞ്ഞു. ഇതേത്തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ കീഴൂർ രാജൻകവലയ്ക്കു സമീപം തലപ്പാറ-പെരുവറോഡി വൈദ്യൂത തൂണിലേക്ക് മരംവീണ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി മരംവെട്ടി നീക്കിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.