എരുമേലി: യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നാടുവിട്ട പ്രതി 23 വർഷത്തിനു ശേഷം പിടിയിൽ. എരുമേലി കല്ലടവിൽ റോയി തോമസിനെ (45)യാണ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്‌തത്. വർഷങ്ങളായി പ്രതിയെ പിടികൂടാതിരുന്ന കേസുകളിൽ അന്വേഷണം നടത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘമാണ് ഇയാളെ പിടികൂടിയത്.
മാതാപിതാക്കൾ മരിച്ചപ്പോൾ പോലും ഇയാൾ നാട്ടിൽ എത്തിയിരുന്നില്ല. ഇതിനിടെയാണ് ഡൽഹിയിൽ ഒളിവിൽ കഴിയുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചത്.
റോയി എന്നു പേരുള്ള 25 ഓളം പേരുടെ പട്ടിക എടുത്ത ശേഷമായിരുന്നു പൊലീസിന്റെ അന്വേഷണം. ഇതിനിടെ എരുമേലി സ്വദേശി റോയിസ് എന്നയാൾ 12 വർഷം മുൻപ് ഡൽഹിയിൽ എത്തിയതായി പൊലീസ് കണ്ടെത്തി. റോയിസും റോയിയും ഒരാളാണെന്ന് പിന്നീട് ഉറപ്പിക്കാനായി. തുടർന്ന് കാഞ്ഞിരപ്പള്ളി ഡി.വൈ. എസ്.പി സന്തോഷ് കുമാർ, എരുമേലി എസ്.എച്ച്.ഒ ദിലീപ് ഖാൻ, എ.എസ്.ഐമാരായ എം.എ ബിനോയി, എ.ജെ ഷാജി , സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.എസ് അഭിലാഷ്, സിവിൽ പൊലീസ് ഓഫീസർ ശ്യാം എസ്. നായർ എന്നിവർ ഡൽഹിയിൽ ചെന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി ഇയാളെ റിമാൻഡ് ചെയ്‌തു.