കോട്ടയം: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി. പലയിടത്തും മരം വീണ് കനത്ത നാശനഷ്‌ടമുണ്ടായി. പരിപ്പിൽ പ്രായമേറിയ സഹോദരനും സഹോദരിയും താമസിച്ചിരുന്ന വീടിനു മുകളിൽ മരം വീണു. പരിപ്പ് മണപ്പുഴയിൽ വാസുദേവൻനായരുടെ വീട്ടിന് മുകളിലാണ് മരം വീണത്. അപകടം ഉണ്ടായപ്പോൾ വാസുദേവൻ നായരും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയ്‌ക്ക് ശേഷമായിരുന്നു അപകടം. ഇരുവരും കിടന്ന മുറിയുടെ മുകളിൽ മരം വീഴാതിരുന്നതിനാലാണ് അപകടം ഒഴിവായത്.
അയ്‌മനം വല്യാട് ശാഖയുടെ ശ്‌മശാനത്തിന് മുകളിലെ ആസ്ബറ്റോസ് ഷീറ്ര് മരം വീണ് തകർന്നു. വട്ടമ്മൂട് പാലത്തിന് സമീപം ഫ്ളക്‌സ് ബോർഡ് റോഡിലേയ്‌ക്ക് മറിഞ്ഞു വീണു. ഗാന്ധിനഗറിൽ മെഡിക്കൽ കോളേജ് റൂട്ടിൽ ഓട്ടോറിക്ഷയ്‌ക്ക് മുകളിൽ മരം വീണു. വാകത്താനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ട് അഞ്ചിനു വീശിയടിച്ച കാറ്റിൽ കനത്ത നാശനഷ്ടമുണ്ടായി. വാകത്താനം പഞ്ചായത്ത് ഒൻപതാം വാർഡിലെ മാടത്താനി തറക്കുന്നേൽ ടി.ജി അനീഷിന്റെ വീട് പൂർണമായും തകർന്നു. അനീഷിന്റെ ഭാര്യ സന്ധ്യയും, ശസ്ത്രക്രിയയ്‌ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന മകൻ ആദിത്യനും മകൾ അനഘയും അത്ഭുതകരമായി രക്ഷപെട്ടു.
ചങ്ങനാശേരിയിലും മരങ്ങൾ ഒടിഞ്ഞു വീണു
ചങ്ങനാശേരിയിൽ കനത്ത മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞ് വീണ് അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. തൃക്കൊടിത്താനം പഞ്ചായത്തിൽ വേഴ്ണാൽ ഭാഗത്താണ് വീടുകൾ തകർന്നത്. തൃക്കൊടിത്താനം വേഴ്ണാൽ കാരിച്ചാലിൽ അപ്പുക്കുട്ടൻ, വേഴ്ണാൽ പുതുപറമ്പ് സിജി തോമസ്, വേഴ്ണാൽ പാക്കോളിൽ കേശവൻ, വേഴ്ണാൽ അന്നമ്മ ചെറിയാൻ എന്നിവരുടെ വീടുകളാണ് കാറ്റത്ത് മരം വീണ് ഭാഗീകമായി തകർന്നത്. വേഷ്ണാൽ കൊടുവത്ത് ഷാജിയുടെ വീടിന്റെ ഷീറ്റുകൾ കനത്ത കാറ്റിൽ പറന്നു പോകുകയും പൊട്ടി വീടിനുള്ളിൽ വീണുമാണ് നാശ നഷ്ടമുണ്ടായത്. അപകടത്തിൽ വീട്ടിനുളളിലുണ്ടായിരുന്ന ഷാജിയുടെ കൊച്ചുമകൻ അച്ചുവിന് (5) ഷീറ്റ് വീണ് നിസാര പരിക്കേറ്റു.