ചങ്ങനാശേരി : റോഡ് നിർമ്മാണം എന്ന് പൂർത്തിയാകും?​ ആർക്കും ഉത്തരമില്ല. ദുരിതത്തിന്റെ കാഠിന്യംകൊണ്ട് നാട്ടുകാരും യാത്രക്കാരും ചോദിക്കുന്നതാണ് ഇത്. രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുന്ന തോട്ടഭാഗം-ചങ്ങനാശേരി റോഡിനെക്കുറിച്ചാണ് യാത്രക്കാർ പരാതി പറയുന്നത്. പൊതുമരാമത്ത് വകുപ്പാണ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് വീതികൂട്ടി നിർമ്മിക്കുന്നത്. ആറുമാസത്തിലേറെയായി തുടരുന്ന നിർമ്മാണജോലികൾ പല സ്ഥലങ്ങളിലും നീണ്ടുപോകുകയാണ്. പായിപ്പാട് മുതൽ തോട്ടഭാഗം വരെ 12മീറ്ററോളം വീതിയിലാണ് പാതയുടെ പുനരുദ്ധാരണം.

കുടിവെള്ളം തടസപ്പെട്ടു

ശുദ്ധജലം കിട്ടാനില്ല

റോഡ് നിർമ്മാണം കവിയൂർ, കുന്നന്താനം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണ ശൃംഖലയാകെ തകർത്തതോടെ ശുദ്ധജലം കിട്ടാനില്ല. പൊതുടാപ്പുകളെ ആശ്രയിക്കുന്നവരും പൈപ്പുകൾ പൊട്ടിയതോടെ വെട്ടിലായി. ജലനിധി പദ്ധതിയിലെ കുടിവെള്ള വിതരണവും തടസപ്പെട്ടു. പായിപ്പാട്ടുനിന്നാണ് പാതയുടെ നിർമ്മാണം തുടങ്ങിയത്. ആഞ്ഞിലിത്താനം പൂവക്കാലയിലേക്കുള്ള പമ്പിംഗ് ലൈനാണ് ആദ്യം പൊട്ടിതകർന്നത്. ഇതോടെ ഇവിടേക്കുള്ള ശുദ്ധജലവിതരണം തടസപ്പെട്ടു. കവിയൂർ ഭാഗത്തെ വീതിക്കൂട്ടുന്നതിനിടെ തോട്ടഭാഗംവരെ മിക്കയിടങ്ങളിലും പൊട്ടി. കവിയൂരിലെ കുടിവെള്ള വിതരണവും നിലച്ചു. തിരുവല്ലയിലെ പമ്പിംഗ് ലൈൻ തകർന്നപ്പോൾ ഇടശേരിക്കയത്തിൽ നിന്ന് ഇലവിനായിലെ ടാങ്കിലെത്തിച്ചായിരുന്നു വിതരണം. എന്നാൽ കവിയൂരിലെ ജലവിതരണ ശ്യംഖല തകർന്നതോടെ വെള്ളമെത്തിക്കാൻ മാർഗമില്ലാതായി.അഞ്ചുമാസത്തോളമായി ഇരുപഞ്ചായത്തുകളിലെ ഭൂരിപക്ഷം വാർഡുകളിലും പൈപ്പുവെള്ളം എത്തുന്നില്ല.

ടാക്സിക്കാർക്ക്

അമിത കൂലി


ഓട്ടോ, കാർ ടാക്സി ഉടമകളും അമിത കൂലി വാങ്ങുന്നെന്നും പരാതി. ചെറിയ ദൂരത്തിനുപോലും നൂറുരൂപ വരെ നൽകണം. സ്ത്രീകളും വൃദ്ധരുമൊക്കെയാണ് ഡ്രൈവർമാരുടെ കൊള്ളയിൽ വലയുന്നത്. ആഞ്ഞിലിത്താനം, കവിയൂർ, തോട്ടഭാഗം, പായിപ്പാട്, ഞാലീക്കണ്ടം എന്നിവിടങ്ങളിലാണ് അമിതകൂലി വാങ്ങുന്നത്. ചോദ്യം ചെയ്‌താൽ റോഡ് മോശമാണെന്നു പറയും. ഇനി വരില്ലെന്ന ഭീഷണിയും. പലരും ഇതുകാരണം പരാതി പറയാൻപോലും മടിക്കുകയാണ്.

നാലുമാസമെങ്കിലും

വേണ്ടിവരും

പുതിയ പൈപ്പുകൾ ജലവിതരണത്തിനായി ഇടേണ്ടതുണ്ട്. ഇതിനായി അഞ്ചുകോടിയോളം രൂപയുടെ അടങ്കൽ തയാറാക്കി നൽകി. ടാറിംഗിന് മുമ്പേ ഇവ മാറ്റേണ്ടതുണ്ട്. പൊതുമരാമത്തിന് നേരിട്ടു വേണമെങ്കിൽ മാറ്റിയിടാം. ഇതിനുളള പണം അനുവദിച്ച് കിട്ടിയാൽ മാറ്റിയിടാൻ വാട്ടർ അതോറിറ്റി തയാറാണ്. ഇതിനായി നാലുമാസമെങ്കിലും വേണ്ടിവരും.


ശ്രീകുമാർ, ജലഅതോറിറ്റി

അസി.എക്സി.എൻജിനീയർ, തിരുവല്ല.

ചുരുക്കത്തിൽ

12മീറ്റർ വീതിയിൽ നിർമ്മാണം

 തുടങ്ങിയിട്ട് 6 മാസം

 5 മാസമായി പൈപ്പുവെള്ളം എത്തുന്നില്ല

 റോഡിന് വീതികൂട്ടുന്നതിലെ എതിർപ്പ് പണി വൈകിപ്പിച്ചു

15 കിലോമീറ്ററോളം ദൂരത്തിൽ പൈപ്പ് ലൈൻ ഇടണം