ആലപ്പുഴ: ഇന്നലെ ഉച്ച മുതൽ അനുഭവപ്പെട്ട കനത്ത മഴയിലും ശക്തമായ കാറ്റിലും ആലപ്പുഴ ജില്ലയിൽ വ്യാപക നാശം. കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ 14 വീടുകൾ ഭാഗികമായി തകർന്നു. മരം വീണ് ജില്ലയുടെ മിക്കഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. കടൽപ്രക്ഷുബ്ധമാണ്. കുട്ടനാട് താലൂക്കിൽ നാല് വീടും കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴയിൽ 10 വീടുകൾക്കുമാണ് നാശം ഉണ്ടായത്.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. തുറവൂർ, ചേർത്തല ഭാഗങ്ങളിൽ ഇന്നലെ മരം വീണ് ട്രെയിൻ ഗതാഗതവും നിലച്ചിരുന്നു. തുറവൂർ പട്ടണക്കാട് ഭാഗത്ത് വൈകിട്ട് 5.30 ഓടെ തേക്ക് കടപുഴകി റെയിൽവേ കമ്പിയിൽ വീണാണ് ട്രെയിൻ ഗതാഗതം നിലച്ചത്. പൊലീസും അഗ്നിശമനസേനയും റെയിൽവേ അധികൃതരും രാത്രി 9.45 ഓടെയാണ് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ആലപ്പുഴ വഴിയുള്ള ദീർഘദൂര സർവീസുകൾ എറണാകുളത്ത് നിന്ന് കോട്ടയം വഴി തിരിച്ചുവിട്ടിരുന്നു. ആറ് പാസഞ്ചർ സർവീസുകൾ റദ്ദാക്കിയിരുന്നു.
കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട്, അപ്പർ കുട്ടനാട് ഭാഗങ്ങളിൽ ജലനിരപ്പ് ഉയർന്നെങ്കിലും വെള്ളപ്പൊക്ക ഭീഷണിയില്ല. തോട്ടപ്പള്ളി സ്പിൽവേ വഴി ഒഴുക്ക് ശക്തമായതാണ് കാരണം. തോരാമഴയും കാറ്റും ജലനിരപ്പ് ഉയരുന്നതും ശനിയാഴ്ച നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് സംഘാടകർ. കഴിഞ്ഞ വർഷം പ്രതികൂല സാഹചര്യത്തെ തുടർന്ന് നെഹ്റു ട്രോഫി മാറ്റിവച്ചിരുന്നു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.
അമ്പലപ്പുഴ കോമനയിൽ 58ാം നമ്പർ അംഗൻവാടിയുടെ ഷീറ്റുകൊണ്ട് നിർമിച്ച മേൽക്കൂര പൂർണമായി തകർന്നു. കാക്കാഴത്ത് റംലത്ത് സുബൈറിന്റെയും അബൂബക്കറിന്റെയും ഉടമസ്ഥതയിലുള്ള ചെമ്മീൻ പീലിംഗ് ഷെഡുകളുടെ മേൽക്കൂരയും പുതുവൽ മുഹമ്മദ് കുഞ്ഞിന്റെ വീടിന്റെ മേൽക്കൂരയും തകർന്നു.
നീർക്കുന്നം കുപ്പി മുക്കിലെ ചാകര തീരത്ത് ശക്തമായ കാറ്റിൽ മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് തകർന്നു. മത്സ്യബന്ധനം കഴിഞ്ഞ് തീരത്തോടടുത്ത വള്ളങ്ങളും തീരത്ത് ആങ്കറിൽ ഇട്ടിരുന്ന വള്ളങ്ങളുമാണ് കൂട്ടിയിടിച്ചത്. ശക്തമായ കാറ്റിൽ ഒഴുകി തീരത്തെ കടൽ ഭിത്തിയിലെ പാറക്കല്ലുകളിലിടിച്ചും വള്ളങ്ങൾക്ക് കേടുപാടുണ്ടായി. പുന്നപ്ര സ്വദേശി സണ്ണിയുടെ പിള്ളേർ എന്ന മത്സ്യബന്ധന വള്ളത്തിന്റെ കാരിയർ വള്ളം, ശക്തീശ്വരി ഇൻ ബോർഡ് വള്ളം, കൊച്ചു പറമ്പിൽ സുധീഷിന്റെ നീലകണ്ഠൻ, നീലിവേലിൽ ഉദയപ്പന്റെ കണ്ണാംതുമ്പി, കാക്കാഴം പുതുവൽ രണദേവിന്റെയും പുഷ്പന്റെയും വള്ളങ്ങൾ എന്നിവയ്ക്കാണ് കേടുപാടുണ്ടായത്. മത്സ്യബന്ധന ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. പാറക്കല്ലിലിടിച്ച വള്ളങ്ങളുടെ അടിപ്പലകകളും മറ്റുള്ളവയുടെ വശങ്ങളിലെ പലകകളും പടികളുമാണ് തകർന്നത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി വള്ളമുടമകളും മത്സ്യ തൊഴിലാളികളും പറഞ്ഞു.