ചങ്ങനാശേരി: നഗരത്തിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പുതിയതായി തുടങ്ങാൻ തീരുമാനിച്ച ചെയിൻ സർവീസുകൾ സ്വകാര്യ ബസ് ലോബികളുടെ ഇടപെടൽ മൂലം തുടങ്ങിയില്ലെന്ന് പരാതി. കെ.എസ്.ആർ.ടി.സിയുടെ സോണൽ ഓഫീസ് കേന്ദ്രീകരിച്ച് സ്വകാര്യ ബസ് ലോബികളുടെ നീക്കത്തെ തുടർന്നാണ് സർവ്വീസ് ആരംഭിക്കാതെ മാറ്റിവെച്ചതെന്ന് ചങ്ങനാശേരി ഡിപ്പോയിലെ ഭരണപ്രതിപക്ഷ യൂണിയനുകളിൽപ്പെട്ടവരും നാട്ടുകാരും പറയുന്നു. സ്‌പെയർ പാട്‌സിന്റെ അപര്യാപ്തതമൂലമാണ് ബസുകൾ ഓടിക്കാൻ സാധിക്കാത്തതെന്നും സർവീസ് വേണ്ടെന്ന് വച്ചിട്ടില്ലെന്നുമാണ് അധികൃതരുടെ മറുപടി. ഒരുരാത്രികൊണ്ട് സ്‌പെയർ പാട്‌സില്ലാതായി വണ്ടിക്ക് കേടുപാടുകൾ ഉണ്ടായത് എങ്ങനെയാണെന്ന് ഡിപ്പോയിലെ ജീവനക്കാർ തന്നെ ചോദിക്കുന്നുണ്ട്. ചെയിൻ സർവ്വീസ് തുടങ്ങുന്നതിനായി വിവിധ ഡിപ്പോകളിൽ നിന്നും എത്തിച്ച 5 ബസുകൾ ഇപ്പോൾ വെറുതെ ഗാരേജിൽ കിടക്കുകയാണെന്ന് യൂണിയനുകൾ പറയുന്നു.
കഴിഞ്ഞ 29 മുതൽ ചങ്ങനാശേരിയിൽ നിന്നും ഞാലിയാകുഴി പുതുപ്പള്ളിയിൽകൂടി കഞ്ഞിക്കുഴി കോട്ടയത്ത് എത്തുന്ന രീതിയിൽ 5 ബസുകൾ ഓടിക്കാനാണ് ലക്ഷ്യമിട്ടത്. ഇങ്ങനെ ഒരു ദിവസം 30 ട്രിപ്പ്. ഇതിൽകൂടി ഏകദേശം അരലക്ഷം രൂപയാണ് കെ.എസ്.ആർ.ടി.സി യ്ക്ക് വരുമാന വർദ്ധനവ് ഉണ്ടാകുമായിരുന്നതെന്നും ഇത് നഷ്ടപ്പെടുത്തിയെന്നുമാണ് ആക്ഷേപം