കോട്ടയം: വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് ശേഷം കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും ചുറ്റിച്ചു.

ചില സ്കൂളുകളിൽ ക്ലാസുകൾ 7.45ന് ആരംഭിച്ചിരുന്നു. പലയിടത്തേയ്ക്കും കുട്ടികൾ വാഹനങ്ങളിൽ പുറപ്പെട്ടിരുന്നു. അവധി വിവരം അറിയാതെ എത്തിയവരും പാതി വഴിയിൽ അവധി അറിഞ്ഞവരും ആശയക്കുഴപ്പത്തിലുമായി. വീടുപൂട്ടിയിറങ്ങി കുട്ടികളെ സ്കൂളിൽ വിട്ടു ജോലിക്കു പോയ രക്ഷിതാക്കളെ അങ്കലാപ്പിലാക്കി വൈകി വന്ന അവധി പ്രഖ്യാപനം. കുട്ടികളുടെ സുരക്ഷയോർത്ത് പലർക്കും ഇരിപ്പുറച്ചില്ല . അലഞ്ഞു തിരിഞ്ഞ് സിനിമാ തീയേറ്ററുകളിലും മറ്റും കറങ്ങുമോ എന്ന പേടിയിലായി മറ്റു ചിലർ. സ്കൂളുകളിലേക്ക് തുരുതുരാ ഫോൺ വിളിച്ച് രക്ഷിതാക്കൾ ഉത്ക്കണ്ഠ പ്രകടിപ്പിച്ചപ്പോൾ മറുപടി പറഞ്ഞ് സ്കൂൾ അധികൃതരും മടുത്തു.

കട്ടച്ചിറ മേരിമൗണ്ട് സ്കൂൾ പ്രവർത്തിച്ചു. 7.45ന് ക്ലാസ് ആരംംഭിച്ച വടവാതൂർ ഗിരിദീപം സ്കൂളിൽ അവധി പ്രഖ്യാപനം അറിഞ്ഞപ്പോഴേയ്ക്കും ഒരു പിരീഡ് കഴിഞ്ഞിരുന്നു, ഗിരിദീപത്തിൽ ക്ലാസുണ്ടെന്ന് പറഞ്ഞ് ലൂർദ് സ്കൂളിന് ആദ്യം അവധി നൽകിയില്ല .പത്തു മണിക്കു ശേഷമാണ് അവധി കൊടുത്തത്.

വ്യാഴാചത്തെ അവധി പ്രഖ്യാപനം രാവിലെ എട്ടു മണിക്കഴിഞ്ഞായത് ട്രോൾ മഴ പെയ്യിച്ചതോടെ ഇന്നലെ വൈകിട്ട് അഞ്ചുമണിക്കു മുമ്പേ കളക്ടർ ഇന്നത്തെ അവധി പ്രഖ്യാപനം നടത്തി.

. വൈകി വന്ന അവധി പ്രഖ്യാപനത്തിന് കളക്ടർ പി.കെ സുധീർ ബാബുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ രോഷപ്രകടനവും അരങ്ങേറി.

''ഇത്തരം മണ്ടത്തരങ്ങൾ കാണിക്കരുതെന്ന് ഈ കളക്ടറോട് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കണം. രാവിലെ ഒട്ടുമിക്ക സ്‌കൂൾ ബസുകളും കുട്ടികളെ കയറ്റി യാത്ര തുടങ്ങിക്കഴിഞ്ഞു. കുട്ടികളെ സ്‌കൂളിൽ സുരക്ഷിതമായിവിട്ട സമാധാനത്തിൽ മാതാപിതാക്കൾ മറ്റു ജോലിക്കും പോയിക്കാണും. ഇനി ആ കുട്ടികള്‍ ????

കുട്ടികളുടെ സുരക്ഷയെ കരുതിയാണ് അവധി നൽകുന്നതെങ്കിൽ തലേന്ന് വൈകിട്ട് തന്നെ അവധി ഡിക്ലയർ ചെയ്യണം. അല്ലാത്തപക്ഷം അവധി നൽകാതിരിക്കുക. അവർ സ്‌കുളിലെങ്കിലും സുരക്ഷിതരായി ഇരുന്നു കൊള്ളും... '' ഇത്തരത്തിലുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു.

മുത്തേ മുത്തേ ഞങ്ങടെ മുത്തേ കണ്ണട വെച്ചൊരു കോട്ടയം മുത്തേ.... എന്നിങ്ങനെ നന്ദി പ്രകടനങ്ങളും നീണ്ടു. അവധി വൈകിപ്പിച്ചതിന് കളക്ടർക്കെതിരെ പൊങ്കാലയിട്ട് തേച്ചവർ ഇന്നത്തെ അവധി നേരത്തേ പ്രഖ്യാപിച്ചപ്പോൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടാനും മറന്നില്ല .