അടിമാലി: കനത്ത മഴയെ തുടർന്ന് മാങ്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ ഉരുൾ പൊട്ടി.പാറക്കുടി ആദിവാസി മേഖലയിൽ ആദിവാസികളുടെ കൃഷിയിടവും ആദിവാസിയായ തങ്കരാജിന്റെ വീടും പൂർണ്ണമായി തകർന്നു.ആദിവാസി മേഖലയായ ശേവലുകുടിയിലും വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി.ഇരു കോളനികളിലും ഉണ്ടായ ഉരുൾപൊട്ടലുകളെ തുടർന്ന് നല്ലതണ്ണിയാർ കരകവിഞ്ഞു.കനത്ത വെള്ളമൊഴുക്കിനെ തുടർന്ന് പെരുമൻകുത്തിൽ പുഴക്കുകുറുകെ ഉണ്ടായിരുന്ന തടിപ്പാലവും കോയിക്കസിറ്റിക്ക് സമീപം ഉണ്ടായിരുന്ന തൂക്കുപാലവും ഒഴുക്കിൽപ്പെട്ടു.പുഴയോരത്ത് താമസിച്ചിരുന്ന പെരുമ്പൻകുത്ത് സ്വദേശി പട്ടരുകണ്ടം ഷാജിയുടെ വീട് പൂർണ്ണമായി തകർന്നു.സമീപത്തു തന്നെയുണ്ടായിരുന്ന പട്ടരുകണ്ടം റോയിയുടെ വീടിനും കേടുപാടുകൾ സംഭവിച്ചു.ഇരു കുടുംബങ്ങളും ബന്ധു വീടുകളിലേക്ക് മാറി താമസമാരംഭിച്ചു.കഴിഞ്ഞ പ്രളയത്തിൽ തകർന്ന പെരുമൻകുത്ത് ആറാംമൈൽ റോഡിന് ഇത്തവണയും നാശം സംഭവിച്ചു.മലവെള്ളപ്പാച്ചിലിൽ പാതയുടെ പലഭാഗങ്ങളും ഒലിച്ചു പോയി.ഇതോടെ ചിക്കണംകുടി,കള്ളക്കൂടി കൂടി,ശേവൽകുടി തുടങ്ങിയ ആദിവാസി മേഖലകളും ആറാംമൈൽ, അമ്പതാംമൈൽ മേഖലകളും ഒറ്റപ്പെട്ടു.മാങ്കുളം സ്വദേശി പൂവപ്പള്ളിൽ കൊച്ചുമോന്റെ വീടിനും മാങ്കുളം സ്വദേശിയായ ജെയിംസിന്റെ വീടിനും താളുംങ്കണ്ടം സ്വദേശി കാവുങ്കൽ മോനായിയുടെ വീടിനും കേടുപാടുകൾ സംഭവിച്ചു.മാങ്കുളം ആനക്കുളം റോഡിൽ കൊളവികുരിശിന് സമീപം റോഡിലേക്ക് പാറയടർന്ന് വീണ് ഗതാഗതം നിലച്ചു.കല്ലാർ മാങ്കുളം റോഡിൽ സുകുമാരൻ കടക്ക് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.ഇതേ പാതയിൽ തളികത്ത് കൂറ്റൻ മരം കടപുഴകി നിലംപതിച്ചു.പീച്ചാടും കുരിശുപാറയിലും റോഡ് വെള്ളത്തിനടിയിലാണ്.കനത്തെ മഴയെ തുടർന്ന് വൈദ്യുതി ബന്ധവും ഇന്റർനെറ്റ് സംവിധാനവും നിലച്ചതോടെ ആദിവാസി മേഖലകൾ അടക്കം ഒറ്റപ്പെട്ടു.മാങ്കുളത്തു നിന്നും കുറത്തിക്കുടിയിലേക്കുള്ള പാതയിലെ പുഴ കരകവിഞ്ഞതോടെ കുറത്തിക്കുടി ആദിവാസി കോളനിയും ഒറ്റപ്പെട്ട നിലയിലാണ്.