കോട്ടയം: മഹാപ്രളയത്തിന്റെ വാർഷികത്തിൽ ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ കനത്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ബുധനാഴ്ച വൈകിട്ട് തുടങ്ങിയ കാറ്റും മഴയും വിവിധ പ്രദേശങ്ങളിൽ നാശംവിതച്ച് തുടരുകയാണ്. പെരുവന്താനം, തീക്കോയി എന്നിവിടങ്ങളിലും ഈരാറ്റുപേട്ട - വാഗമൺ റോഡിൽ കരിക്കാടിന് സമീപവും ചെറിയതോതിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞു. മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ മരം വീണാണ് ഇത്തവണ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. കോട്ടയം- കുമളി റോഡിൽ മുണ്ടക്കയത്തിനും വണ്ടിപ്പെരിയാറിനുമിടയിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനെത്തുടർന്ന് ബസ് സർവീസുകൾ പൂർണമായി നിറുത്തിവച്ചു. പൊൻകുന്നം- മണിമല റൂട്ടിൽ പഴയിടം പാലത്തിൽ വെള്ളം കയറി. കഴിഞ്ഞ പ്രളയകാലത്ത് തകർന്ന പാലത്തിന്റെ കൈവരികൾ പുനസ്ഥാപിച്ചിരുന്നില്ല.
കാറ്റുവീശി, മരങ്ങൾ കടപുഴകി
ബുധനാഴ്ച വൈകിട്ടും ഇന്നലെ രാവിലെയുമുണ്ടായ ശക്തമായ കാറ്റിൽ വിവിധ സ്ഥലങ്ങളിൽ മരം കടപുഴകി വീണ് വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും സാരമായ കേടുപാടുണ്ടായി. കുമരകം മങ്കുഴി രണ്ടാംകലുങ്കിന് സമീപം പുത്തൻപറമ്പ് രവീന്ദ്രന്റെ വീടിന് മുകളിൽ ആഞ്ഞിലിമരം കടപുഴകിവീണു. കളത്തിപ്പറമ്പിൽ കെ.വി. റോയിയുടെ വീടിന്റെ മേൽക്കൂരയിലെ പത്തോളം ആസ്ബറ്റോസ് ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. പൂഞ്ഞാർ പനച്ചികപ്പാറ പുളിക്കപ്പാലം എട്ടൊന്നിൽ ജോർജ്, ഓലിക്കൽ സഞ്ജീവ് ചേന്നാട് പത്താം വാർഡിൽ കുന്നത്തേട്ട് ബെന്നി, കോട്ടയം പാത്താമുട്ടത്ത് പള്ളിക്കുന്നേൽ പി.ഡി. ബിനു, നിമിഷഭവനിൽ മിനിമോൾ, പള്ളിയടി അനീ ഐസക്ക്, പള്ളിക്കുന്നേൽ ദീപു, തൃക്കൊടിത്താനം കാരിച്ചാലിൽ അപ്പുക്കുട്ടൻ, പുതുപറമ്പ് സിജി തോമസ്, പാക്കോളിൽ കേശവൻ, അന്നമ്മ ചെറിയാൻ എന്നിവരുടെ വീടുകൾക്കുമേൽ മരംവീണ് നാശനഷ്ടങ്ങളുണ്ടായി. ഇന്നലെ ഉച്ചയോടെ നെടുങ്കുന്നം മേഖലയിൽ വീശിയടിച്ച കാറ്റിൽ നിലംപൊടിഞ്ഞയിൽ അനീഷിന്റെ വീടിനുമുകളിൽ റബർമരവും കാനം അജിത് ഭവനിൽ അജിത് പി. ചന്ദ്രന്റെ വീടിനുമുകളിൽ ആഞ്ഞിലിമരവും ഒടിഞ്ഞുവീണു. പനച്ചികപ്പാറ- പെരുനിലം റോഡിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. ഏറ്റുമാനൂർ കോടതിവളപ്പിൽ ഇരുചക്രവാഹനങ്ങൾ പാർക്കുചെയ്യുന്ന സ്ഥലത്തേക്ക് മരം മറിഞ്ഞുവീണു. പാറമ്പുഴ ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന് മുകളിൽ മരം വീണ് നാശനഷ്ടങ്ങളുണ്ടായി.
പെരുവന്താനത്ത് ഉരുൾപൊട്ടി
മണിമലയാറിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായ പെരുവന്താനത്ത് ബുധനാഴ്ച രാത്രിയിലുണ്ടായ ഉരുൾ പൊട്ടലിൽ ഒന്നര ഏക്കറോളം സ്ഥലത്തെ കൃഷി നശിക്കുകയും ഒരുവീട് ഭാഗീകമായി തകരുകയും ചെയ്തു.
മണിക്കൊമ്പിൽ അജയ് എന്ന കർഷകന്റെ ഒരേക്കറും പേണ്ടാനത്ത് ലില്ലിക്കുട്ടിയുടെ അരയേക്കർ കൃഷിഭൂമിയുമാണ് ഉരുൾപൊട്ടലിൽ നശിച്ചത്. അജയ്‌യുടെ പറമ്പിൽ പാട്ടത്തിന് കൃഷിയിറക്കിയ ബ്രദേഴ്‌സ് സ്വാശ്രയ സംഘത്തിന്റെ ഇരുന്നൂറോളം വാഴകളും ഒലിച്ചുപോയി. അഴങ്ങാട് - മുണ്ടക്കയം റോഡിലും നെടിയോരം - ചുഴുപ്പ് റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. പെരുവന്താനം മേഖലയിൽ നിന്ന് കുതിച്ചെത്തിയ ജല പ്രവാഹത്തിൽ മുണ്ടക്കയം- കോരുത്തോട് റൂട്ടിലെ കോസ്‌വേ പൂർണമായും മുങ്ങി ഗതാഗതം തടസപ്പെട്ടു. ദേശീയപാതയിൽ മണ്ണിടിച്ചിൽ മൂലം കോട്ടയം- കുമളി റൂട്ടിൽ ബസ് സർവീസ് പൂർണമായും നിറുത്തിവച്ചു. ദേശീയപാതയിൽ പെരുവന്താനത്ത് ഇന്നലെ രാവിലെ പത്തോടെ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വൈദ്യുതി പോസ്റ്റ് കടപുഴകി വീണെങ്കിലും ആർക്കും പരിക്കേറ്റില്ല. താഴ്വരയിൽ വെള്ളപ്പൊക്ക ഭീഷണിയുയർത്തി മലമുകളിൽ നിന്നുള്ള അരുവികളും തോടുകളും നിറഞ്ഞൊഴുകുകയാണ്. കനത്തകാറ്റിൽ മരങ്ങൾ വീണ് ഇലക്ട്രിക് ലൈനുകൾ തകർന്നതിനാൽ വൈദ്യുതി വിതരണവും തടസപ്പെട്ടു.