മീനച്ചിലാർ കരകവിഞ്ഞു, പാലാ വെള്ളപ്പൊക്ക ഭീഷണിയിൽ
പൂവരണി, മൂലേത്തുണ്ടി ഭാഗങ്ങളിൽ ചുഴലിക്കാറ്റ്
മരം വീണ് നിരവധി വീടുകൾക്ക് നാശം
പാലാ : തോരാ മഴയിൽ മീനച്ചിലാർ കരകവിഞ്ഞതോടെ പാലാ ടൗൺ വെള്ളപ്പൊക്ക ഭീഷണിയിൽ. മീനച്ചിലാറും സമീപത്തെ തോടുകളം കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ളാലം തോട്, മീനച്ചിൽ തോട്, പൊന്നൊഴുകും തോട് എന്നിവ നിറഞ്ഞ് വെള്ളം സമീപത്തെ റോഡുകളിലും കൃഷിയിടങ്ങളിലും കയറി. ഏറ്റുമാനൂർ - പൂഞ്ഞാർ പാതയിലെ പാലാ മൂന്നാനിയിൽ റോഡിൽ വെള്ളം കയറി വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചേർപ്പുങ്കൽ ഇൻഡ്യാർ ഭാഗം,മുത്തോലിക്കടവ്, പന്തത്തല, പുലിയന്നൂർ,കൊട്ടാരമറ്റം ബസ് ടെർമിനൽ, ചെത്തിമറ്റം, പാലാ രാമപുരം റോഡിലെ മുണ്ടുപാലം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ വാഹനപാർക്കിംഗ് ഗ്രൗണ്ട് ഭാഗങ്ങളും വെള്ളപ്പൊക്ക ഭീതിയിലാണ്. ഭരണങ്ങാനം - ഇടമറ്റം റോഡിൽ വിലങ്ങുപാറ, പാലാ - പൊൻകുന്നം റോഡിൽ കടയം, കുറ്റില്ലാം, പൂവരണി,12ാം മൈൽ പന്തത്തല റോഡിലെ ഇടയാറ്റ്, കല്ലൂക്കുന്നേൽ ഭാഗങ്ങളിലും വെള്ളം കയറി തുടങ്ങി. കഴിഞ്ഞ പ്രളയത്തെ അനുഭവമുള്ളതിനാൽ പാലാ നഗരത്തിലെ വ്യാപാരികൾ ജാഗ്രതയിലാണ്. പലരും സാധനങ്ങൾ സുരക്ഷിതമായ സ്ഥാനങ്ങളിലേയ്ക്ക് മാറ്റി തുടങ്ങി. ഇന്നലെ മഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റ് പൂവരണി, മൂലേത്തുണ്ടി ഭാഗങ്ങളിൽ വൻനാശം വിതച്ചു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏക്കർ കണക്കിന് കൃഷി നശിച്ചു. മരം വീണ് ചെറുപാതകളിലടക്കം ഗതാഗതം തടസപ്പെട്ടു. ഇലക്ട്രിക് ലൈനുകളിലേക്ക് മരം വീണ് വൈദ്യുതിബന്ധം പൂർണമായും നിലച്ചു.
കോസ് വേ പാലം മുങ്ങി ,ഗതാഗതം മുടങ്ങി
പൊൻകുന്നം : കനത്ത മഴയിൽ മണിമലയാറ്റിലെ പഴയിടം കോസ് വേ പാലത്തിൽ വെള്ളംകയറി ഗതാഗതം മുടങ്ങി. പാലത്തിന്റെ ഒരുകരയിൽ അടിഞ്ഞ മാലിന്യം നാട്ടുകാർ ജെ.സി.ബി ഉപയോഗിച്ച് നീക്കി. പാലത്തിൽ വെള്ളം കയറിയതിനാൽ ബസുകൾ ഓടിയില്ല. പൊൻകുന്നം - മണിമല റോഡിൽ മൂലേപ്ലാവിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ പഴയിടം കോസ് വേ വഴിയായിരുന്നു ബസുകളും വലിയ വാഹനങ്ങളും മണിമലയിലേക്ക് പോയിരുന്നത്. കഴിഞ്ഞ മഴക്കാലത്തും നാട്ടുകാരാണ് പാലത്തിൽ അടിഞ്ഞ മാലിന്യം നീക്കം ചെയ്തത്. ചിറക്കടവ്, എരുമേലി, മണിമല പഞ്ചായത്തുകളുടെ അതിർത്തിയായതിനാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. കഴിഞ്ഞ പ്രളയത്തിൽ മരങ്ങൾ ഒഴുകിയെത്തി തകർന്ന കൈവരി ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല. വീപ്പനിരത്തി കയർ വലിച്ചുകെട്ടിയിരിക്കുകയാണ്.