വൈക്കം: വൈക്കം താലൂക്കാശുപത്രിയിൽ എം. പി ഫണ്ട് ഉപയോഗിച്ച് പണി കഴിപ്പിച്ച ജില്ലയിലെ പ്രഥമ അമ്മയും കുഞ്ഞും ആശുപത്രി തോമസ് ചാഴികാടൻ എം.പി സന്ദർശിച്ചു. ആശുപത്രിയിലെ പാചകപ്പുരയും, ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള റൂഫിംഗ് റോഡും ,കാർഡിയാക് യൂണിറ്റും സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നേതാക്കൾ ആശുപത്രി സന്ദർശിച്ച എം.പിയോട് ആവശ്യപ്പെട്ടു. വിഷയം പഠിച്ച് ഒരു പ്രോജക്ട് തയ്യാറാക്കാൻ ആശുപത്രി സൂപ്രണ്ടിന് എം.പി നിർദ്ദേശംനൽകി. ഇവ സ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
അന്തരിച്ച കോൺഗ്രസ് നേതാവും, നഗരസഭാ പ്രതിപക്ഷ നേതാവുമായിരുന്ന അഡ്വ.വി.വി സത്യന്റെ വീട്ടിലും എം.പി സന്ദർശനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എബ്രഹാം പഴേകടവൻ, വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് ജോയി ചെറുപുഷ്പം എന്നിവർ ഒപ്പമുണ്ടായിരുന്നു.