കോട്ടയം: കാറ്റിലും മഴയിലും ജില്ലയിലെ 102 വീടുകൾ ഭാഗികമായും 8 വീടുകൾ പൂർണമായും തകർന്നു. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ തുറന്ന രണ്ട് ദുരിതാശ്വാസക്യാമ്പുകളിലായി 82 പേരെ മാറ്റിപ്പാർപ്പിച്ചു. ഏറ്റവും കൂടുതൽ വീടുകൾക്ക് നാശനഷ്ടമുണ്ടായത് കോട്ടയം താലൂക്കിലാണ്.
പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് എരുമേലി ഇടകടത്തി അരയാഞ്ഞിലിമണ്ണ് പ്രദേശത്തെ നൂറിലേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. മൂന്നുവശവും ശബരിമല വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണിത്. പമ്പാനദിക്കുകുറുകെ ഇടകടത്തി കോസ് വേ കടന്നുവേണം ഇവർക്ക് പുറംലോകത്ത് എത്താൻ. ഇന്നലെ നദിയിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ കോസ് വേ മുങ്ങിയതിനാൽ ആകെയുള്ള രക്ഷാമാർഗവും അടഞ്ഞിരിക്കുകയാണ്. സമീപപ്രദേശമായ കോരുത്തോട്ടിൽ മൂന്ന് വീടുകളിലും വില്ലേജ് ഓഫീസിലും വെള്ളം കയറി. വലിയകടുപ്പിൽ അനിൽകുമാർ, ഇടയാടിക്കുഴി മധു, തെരുവുംകുന്നേൽ വിനോദ് എന്നിവരുടെ വീട്ടിലാണ് വെള്ളംകയറിയത്.