വൈക്കം: കനത്ത മഴയിലും കാറ്റിലും വൈക്കത്തും സമീപ പ്രദേശങ്ങളിലും വ്യാപക നാശം. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കനത്ത മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ മരങ്ങൾ വീണ് നിരവധി വീടുകൾ തകർന്നു. പല പ്രദേശങ്ങളിലും ലൈനുകൾ തകർന്നതോടെ വൈദ്യുതി മുടങ്ങി. രാവിലെ 11 മണിയോടെ പുളിഞ്ചുവട് റോഡിലേക്ക് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന കൂറ്റൻ തേക്ക് മരം കടപുഴകി വീണ് വൈക്കം-തലയോലപ്പറമ്പ് റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വൈപ്പിൻ പടിയിൽ വലിയ കുളങ്ങര അനൂപിന്റെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. നക്കം തുരുത്തിൽ 11 കെവി ലൈനിലേക്ക് കൂറ്റൻ ആഞ്ഞിലിമരം വീണ് വൈദ്യുതി തൂണുകൾ ഒടിഞ്ഞ് ഇലട്രിക്ക് കമ്പികൾ റോഡിൽ പൊട്ടിവീണു. കണിയാം തോടിന് സമീപം താമസിക്കുന്ന സുമതിയുടെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. വൈക്കത്ത് നിന്നും അസി. സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തലയോലപ്പറമ്പ് വടയാർ കിഴക്കേക്കര ആലുങ്കൽതറ ധനപാലന്റെ പുരയിടത്തിൽ നിന്ന മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു. വടയാർആലുങ്കൽതറ സുമതി വേലായുധൻ, തലപ്പാറ മണമേൽ ആനി മാത്യൂ, പൊതി വെളിയത്തു പറമ്പിൽ മറിയം, ഇല്ലിത്തൊണ്ട് മണിമല പറമ്പിൽ ജോസഫ് എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണ് മേൽകൂരയും ഭിത്തിയും ഭാഗീകമായി തകർന്നു. സംഭവ സമയത്ത് വീട്ടുകാർ മരം വീഴുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ അപായം ഒഴിവായി. മറവൻതുരുത്ത് പഞ്ചായത്തിലെ തറവട്ടത്ത് വല്ലേത്തറ തങ്കമ്മയുടെ ഷീറ്റിട്ട വീടിന് മുകളിൽ മരം വീണ് വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു. മൂവാറ്റുപുഴ ആറിലും കരിയാറിലും വേമ്പനാട്ടുകായലിലും ജലനിരപ്പുയർന്നതോടെ പുഴ-കായലോര വാസികളും ഉൾപ്രദേശത്തെ താഴ്ന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരും വെള്ളക്കെട്ടിലമർന്നു. വൈക്കത്തെ പഴയ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം കോവിലകത്തുംകടവിലേയ്ക്കുള്ള റോഡിൽ വെള്ളം കയറിയതോടെ പടിഞ്ഞാറെ മറ്റപ്പള്ളി ഭാഗത്തെ പത്തോളം വീടുകൾ വെള്ളത്തിലായി. തലയോലപ്പറമ്പ്, മറവൻതുരുത്ത്, വെള്ളൂർ പഞ്ചായത്തുകളിലെ തീര പ്രദേശങ്ങളിലെ ജനങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്.
മൂവറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ
തേവലക്കാട് ,മനക്കച്ചിറ ,മുണ്ടോടി ,വട്ടക്കരിൽ ,മക്കോകുഴി ,കോരിക്കൽ, പഴംമ്പട്ടി പ്രദേശങ്ങളിലെ വീടുകളുടെ മുറ്റത്ത് വെള്ളം കയറി.
വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ താലൂക്ക് ഓഫീസിൽ നിന്നും വില്ലേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഷട്ടർ തുറന്ന സാഹചര്യം കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയിൽ മൂവാറ്റുപുഴയാറിന്റെ തീരത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി