വൈക്കം: ഇരുചക്രവാഹനത്തിൽ ഇരുന്ന് മഴക്കോട്ടിടുന്നതിനിടയിൽ യുവതിയുടെ വിവാഹമോതിരം ഊരി ഇരുമ്പഴിയാൽ മൂടപ്പെട്ടഓടയിൽ വീണു. ഫയർഫോഴ്‌സും നാട്ടുകാരും മൂന്നു മണിക്കൂറോളം ശ്രമം നടത്തിയതിനെ തുടർന്ന് ഒടുവിൽ മോതിരം വീണ്ടെടുത്ത് യുവതിക്കു കൈമാറി. വൈക്കം വലിയകവലയിൽ പെരിയോർ സ്മാരകത്തിന്റെ കവാടത്തിനു മുന്നിലെ ഓടയിൽ ഇന്നലെ വൈകിട്ട് മൂന്നിനാണ് വൈക്കപ്രയാർ ആറ്റുവേലക്കടവ് സ്വദേശിനിയുടെ ഒന്നര പവൻ തൂക്കം വരുന്ന വിവാഹമോതിരം ഊർന്ന് വീണത്. യുവതി വിവരമറിയിച്ചതിനെ തുടർന്ന് വൈക്കം നഗരസഭ കൗൺസിലർ അനൂപ് , മുൻ കൗൺസിലർ ബി.ചന്ദ്രശേഖരൻ,രശ്മി , പെരിയോർ സ്മാരകത്തിലെ ജീവനക്കാരായ ഉണ്ണികൃഷ്ണൻ, ജോസ് എന്നിവരും വൈക്കം ഫയര്‍‌സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സും ചേർന്നാണ് മോതിരം വീണ്ടെടുത്ത് നൽകിയത്.