ആലപ്പുഴ: പുന്നമടക്കായലിൽ ആവേശം വാനോളമുയർത്തിക്കൊണ്ട് 67-ാമത് നെഹ്രുട്രോഫി വള്ളംകളിയും പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ മത്സരവും നാളെ പുന്നമടക്കായലിൽ നടക്കും. പ്രതികൂല കാലാവസ്ഥയാണെങ്കിലും പോരായ്മകൾ ഒന്നുമില്ലാതെ ജലമേള നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു.

രണ്ടിന് ആരംഭിക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഫ്ളാഗ് ഒഫ് ചെയ്യും. മന്ത്രിമാരായ ജി.സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, ഡോ.ടി.എംതോമസ് ഐസക്, പി.തിലോത്തമൻ എന്നിവർ പങ്കെടുക്കും. ഒരു മണി മുതൽ രണ്ടു വരെ ഡിസ്‌പ്ലേ നടക്കും. സ്റ്റാർ സ്‌പോർട്സ് ഉൾപ്പടെയുള്ള അന്താരാഷ്ട്ര ചാനലുകൾ സി.ബി.എല്ലിന്റെ സംപ്രേഷണം നടത്തുന്നതോടെ കേരളത്തിലെ ജലമേളകൾ ലോക ശ്രദ്ധയിലേക്ക് എത്തുമെന്ന് മന്ത്രി തോമസ് എെസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

23 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 81 വള്ളങ്ങളാണ് ഇക്കുറി നെഹ്രുട്രോഫിയിൽ പങ്കെടുക്കുന്നത്.ഒന്നര കോടിയോളം രൂപ ബോണസും ഗ്രാൻഡായും എല്ലാ വള്ളങ്ങൾക്കും ലഭിക്കും.

കഴിഞ്ഞ തവണ നെഹ്രുട്രോഫി ജലമേളയിൽ ആദ്യ സ്ഥാനക്കാരായ ഒമ്പതു ടീമുകളാണ് ആദ്യ മൂന്നു ഹീറ്റ്സുകളിൽ മത്സരിക്കുക. നെഹ്രുട്രോഫി മുതൽ കൊല്ലം പ്രസിഡന്റ്സ് ട്രോഫി വരെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന 12 മത്സരങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉണ്ടാകുക. പൂർണമായും പ്രൊഫഷണൽ രീതിയിൽ നടക്കുന്ന 12 മത്സരങ്ങളുടെയും തൽസമയ സംപ്രേഷണം ലോകത്തെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുമെന്നും മന്ത്രി പറഞ്ഞു.

ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങൾ രാവിലെ ആരംഭിക്കും. പ്രദർശന മത്സരങ്ങൾ ഉൾപ്പടെയുള്ളവ ഒരുമണിക്ക് മുമ്പ് അവസാനിക്കും. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സിനുശേഷം ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരം. സി.ബി.എൽ പ്രക്ഷേപണം നാലു മുതൽ അഞ്ചുവരെയായിരിക്കും. വള്ളങ്ങളുടെ മത്സരം പൂർത്തിയാകുന്ന നിമിഷംതന്നെ എൽ.ഇ.ഡിയിലൂടെയും പ്രിന്റ് ഔട്ട് ആയും മത്സര ഫലം അറിയാനാകും. പാസുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം.

വാർത്താസമ്മേളനത്തിൽ കളക്ടർ ഡോ.അദീല അബ്ദുള്ള, സബ്കളക്ടർ വി.ആർ.കൃഷ്ണതേജ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, കെ.പി.ഹരൺബാബു എന്നിവരും പങ്കെടുത്തു.