കോട്ടയം: ഇനി ആരോട് പരാതി പറയാൻ? പരാതി എഴുതി നൽകിയിട്ടും പഞ്ചായത്ത് അധികൃതർക്ക് മിണ്ടാട്ടമില്ല. പനച്ചിക്കാട് പഞ്ചായത്ത് കൂടി കൈയൊഴിഞ്ഞതോടെ പൂവൻതുരുത്ത് ഗാന്ധിമതിതോപ്പിൽ ദാസിന്റെയും കുടുംബത്തിന്റെയും ദുരിതം അടുത്തകാലത്തൊന്നും അവസാനിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ ഏരിയായിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ മലിനജലം വീട്ടിലെ കിണറ്റിലേക്ക് ഒഴുകിയെത്തുന്നതായി ചുണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പാണ് ദാസ് പനച്ചിക്കാട് പഞ്ചായത്തിൽ പരാതി നൽകിയത്. പരാതി എഴുതി നൽകിയിട്ടും പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിക്കാൻ പോലും തയാറായില്ലെന്ന് ദാസ് പറയുന്നു.വാർഡ് അംഗത്തിനും പരാതി നൽകിയിരുന്നു.

പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ ഏരിയായിൽ നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മാലിന്യ ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് മാറ്റ് കമ്പനിക്കെതിരെയാണ് പ്രധാനമായും പരാതി ഉയർന്നിരിക്കുന്നത്. കമ്പനിയിൽ നിന്നുള്ള ആസിഡ് കലർന്ന വെള്ളം ഉറവയായി കിണറ്റിലേക്ക് ഒലിച്ചിറങ്ങുകയാണ്. കിണറ്റിലെ വെള്ളം ഉപയോഗിച്ച കുടുംബാംഗങ്ങൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. പൂർണ്ണമായും മലിനജലം കലർന്നതിനാൽ കിണർ ഇപ്പോൾ ഉപയോഗശൂന്യമാണ്. പാടപോലെ മാലിന്യം കിണറ്റിൽ പൊന്തിക്കിടക്കുകയാണ്. മഴ കനത്തതോടെ കിണറ്റിലേക്ക് ഒഴുകി എത്തുന്ന മാലിന്യത്തിന്റെ അളവും വർദ്ധിച്ചിട്ടുണ്ട്. തലച്ചുമടായി എത്തിക്കുന്ന വെള്ളമാണ് കുടുംബം കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഇപ്പോൾ ഉപയോഗിക്കുന്നത്.