ചങ്ങനാശേരി: നിർമാണം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും ഉപയോഗിക്കാൻ കഴിയാതെ കുറിച്ചി വില്ലേജ് ഓഫീസിനു സമീപമുള്ള ക്വാർട്ടേഴ്സ് കാടുകയറി നശിക്കുന്നു. വില്ലേജ് ഓഫീസിലെ ജീവനക്കാർ താമസിക്കാൻ ഇടമില്ലാതെ വാടക വീടുകൾ തിരഞ്ഞ് നടക്കുമ്പോഴാണ് രണ്ട് കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളോടെ നിർമിച്ച ക്വാർട്ടേഴ്സ് അടച്ചിട്ടിരിക്കുന്നത്. കുറിച്ചി വില്ലേജ് ഓഫിസിനു സമീപത്തായി പി.ഡബ്ല്യു.ഡിയുടെ ചുമതലയിലാണ് ക്വാർട്ടേഴ്സിന്റെ നിർമാണം നടത്തിയത്.
വയറിംഗ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് ക്വാർട്ടേഴ്സ് പ്രവർത്തിപ്പിക്കുന്നതിന് തടസ്സമായി നിൽക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള പണം കെ.എസ്.ഇ.ബിയിൽ അടയ്ക്കേണ്ടത് ആരുടെ ചുമതലയാണ് എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പൻചേരി പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ഇടപെടൽ ഉണ്ടായാൽ പ്രശ്നം പരിഹരിക്കാൻ സാധിക്കും. ഇതിനുള്ള നടപടികൾ വൈകരുതെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ക്വാർട്ടേഴ്സിന്റെ കെട്ടിട നമ്പർ ലഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് വില്ലേജ് ഓഫീസിലെ ജീവനക്കാരാണ് പണം മുടക്കിയത്. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിലും ക്വാർട്ടേഴ്സിലെ വൈദ്യുതി കണക്ഷൻ വിഷയം ചർച്ചയായിരുന്നു. പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാം എന്ന മറുപടിയാണ് കെ.എസ്.ഇ.ബി പ്രതിനിധികൾ നൽകിയത്.