-kettinilkunna-vell

വൈക്കം: വെള്ളത്തിൽ മുങ്ങിയ റോഡിൽ അപകടങ്ങളും വർദ്ധിച്ചതോടെ യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ. വൈക്കം - എറണാകുളം റോഡിൽ ടോൾ ജംഗ്ഷൻ മുതൽ കൊച്ചങ്ങാടി വരെയുള്ള മുന്നൂറ് മീ​റ്റർ റോഡ് ഭാഗത്ത് വെള്ളക്കെട്ടായതിനാൽ കാൽനട യാത്രക്കാർക്കു പോലും പോകാൻ പ​റ്റാത്ത സ്ഥിതിയാണ്. റോഡിൽ കെട്ടികിടക്കുന്ന ജലം ഇരുവശങ്ങളിലേക്കും ഒഴുകുന്നത് റോഡരികിലുള്ള പന്ത്റണ്ടോളം വ്യാപാരസ്ഥാപനങ്ങളേയും ദുരിതത്തിലാക്കുന്നു. കടയ്ക്കുള്ളിൽ വെള്ളം കയറുന്നതു മൂലം വലിയ നാശനഷ്ടങ്ങളാണ് ഇവർക്കുണ്ടാകുന്നത്. ചെറിയ മഴ പെയ്താൽ പോലും ഇവിടെ വെള്ളക്കെട്ടാണെന്ന് വ്യാപാരികൾ പറയുന്നു. ദിവസങ്ങളായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ദുരിതവും ഇരട്ടിയായി. നൗഷാദ് ആഞ്ഞിലിക്കൽ, യൂസഫ് മണ്ടോപള്ളിൽ, അഷറഫ് വലിയവീട്ടിൽ, സായ് വുഡ് ഫർണിച്ചർ, രാജു ഇലക്ട്രിക്കൽ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറി നാശനഷ്ടം ഉണ്ടായത്. വാഹനങ്ങൾ കടന്നു പോകുമ്പോഴാണ് ഓളം തല്ലി കടകളിലേക്ക് വെള്ളം കയറുന്നത്. വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നേരത്തെ പൊതുമരാമരത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണം ശക്തമാണ്.
വെള്ളം ഒഴുകി പോകാൻ നേരത്തെയുണ്ടായിരുന്ന സൗകര്യം അടഞ്ഞുപോയതാണ് പ്രശ്‌നം രൂക്ഷമാകാൻ കാരണം. പഞ്ചായത്ത് റോഡു വഴി പൈപ്പുകൾ സ്ഥാപിച്ച് മൂവാ​റ്റുപുഴയാറുമായി ബന്ധിപ്പിച്ചാൽ പ്രശ്‌നം പരിഹരിക്കാമെങ്കിലും പൊതുമരാമരത്ത് വകുപ്പ് ഇക്കാര്യത്തിൽ അനാസ്ഥ കാട്ടുകയാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ യു. പി. സ്‌കൂളിലേക്ക് വന്നു പോകുന്ന വിദ്യാർത്ഥികൾക്കും വെള്ളക്കെട്ട് ദുരിതമാണ് സമ്മാനിക്കുന്നത്. അടിയന്തിര പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.