തലയോലപ്പറമ്പ് : അനധികൃത വാഹന പാർക്കിംഗ് മൂലം നട്ടം തിരിയുന്ന പെരുവ ജംഗ്ഷനിൽ തന്നെ റോഡ് കുളമായി മാറിയത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഒരുപോലെ ഭീഷണിയാകുന്നു. പാർക്കിംഗ് മൂലം ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന നാല് റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ രൂപപ്പെട്ട കുഴി വാരിക്കുഴിയായി മാറിയിരിക്കുകയാണ്. നിരവധി ഇരുചക്രവാഹന യാത്രികരാണ് നിയന്ത്റണം വിട്ട് ദിവസവും വീഴുന്നത്. അനധികൃത വാഹന പാർക്കിംഗ് മൂലം നട്ടം തിരിയുന്ന പെരുവയ്ക്ക് ഭീഷണിയായി മാറുകയാണ് ഈ കുഴി. നാൽക്കവലയിൽ നിന്നും കടുത്തുരുത്തിയിലേക്ക് തിരിയുന്ന ഭാഗത്താണ് ടാറിങ് ഇളകി കുഴി രൂപപ്പെട്ടിരിക്കുന്നത്. രണ്ട് മാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് കുഴികൾ അടച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ അത് ഇളകിപ്പോയി വൻകുഴി രൂപപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം പെരുവയിലെ പൊതുപ്രവർത്തകർ ചേർന്ന് കുഴി കോൺക്രീറ്റ് ചെയ്‌തെങ്കിലും കനത്ത മഴയിൽ ഒലിച്ച് പോയതിനെ തുടർന്ന് വീണ്ടും പഴയപടിയായി മാറി. കൂത്താട്ടുകുളം ഭാഗത്ത് നിന്ന് അമിതഭാരം കയറ്റി കടുത്തുരുത്തി ഭാഗത്തേക്ക് പോകുന്ന ടോറസ് ലോറികൾ തിരിയുന്നതാണ് ഇവിടുത്തെ ടാറിംഗ് ഇളകിപ്പോകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ആധുനിക നിലവാരത്തിൽ പണിത ആലപ്പുഴ മധുര സംസ്ഥാന പാതയിൽ അവർമ മുതൽ തലപ്പാറ വരെയുള്ള റോഡ് തകർന്ന് കിടക്കുകയാണ്. ആറ് വർഷം മുൻപ് കോടികൾ മുടക്കി നിർമ്മിച്ച റോഡിന്റെ ആറ് കിലോമീറ്ററോളം ഭാഗം കൂടുതൽ തകർന്ന് യാത്രാദുരിതമായി മാറിയിരിക്കുകയാണ്.പെരുവ, പൈക്കര, മൂർക്കാട്ടുപടി, കീഴൂർ, മുഴയംമൂട്, സായിപ്പുകവല, കാഞ്ഞിരവളവ് എന്നിവിടങ്ങളിലാണ് കൂടുതൽ തകർന്ന് കിടക്കുന്നത്.റോഡ് പുനർ നിർമ്മിക്കുന്നതിന് തുക അനുവദിച്ചെങ്കിലും ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാത്തതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം.
റോഡ് തകർന്ന് കിടക്കുന്നത്
പെരുവ, പൈക്കര, മൂർക്കാട്ടുപടി, കീഴൂർ, മുഴയംമൂട്, സായിപ്പുകവല, കാഞ്ഞിരവളവ്
അമിത ഭാരമുള്ള വാഹനങ്ങൾ കയറുന്നത് ടാറിംഗ് ഇളകാൻ കാരണം
ഇരു ചക്രവാഹനങ്ങൾ കൂടുതൽ അപകടത്തിൽ പെടുന്നു