തലയോലപ്പറമ്പ് : ശക്തമായ കാറ്റിൽ തലയോലപ്പറമ്പ് ഗവ.യു.പി സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം കടപുഴകി വീണു. മുകളിൽ കയറി മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്നതിനിടെ ഫയർമാൻ താഴെ വീണ് സാരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. സ്കൂളിന് സമീപത്തെ സ്വകാര്യ പുരയിടത്തിൽ നിന്ന കൂറ്റൻ പെരുമരം ശക്തമായ കാറ്റിൽ ഓട് മേഞ്ഞ സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. ഓട് മേഞ്ഞ മേൽക്കൂര, സ്കൂൾ ഭിത്തി എന്നിവ തകർന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ കടുത്തുരുത്തി ഫയർസ്റ്റേഷൻ ഓഫീസിലെ ഫയർമാൻ അഭിജിത്ത് (37) മുകളിൽ കയറി മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ തെന്നി താഴെ വീണ് സാരമായി പരിക്കേറ്റു. കഴുത്തിനാണ് പരിക്കേറ്റത്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇയാളെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.