പാലാ : തന്റെ ഓർമ്മയിലെ ഏറ്റവും ഭീകരമായ മലവെള്ളപ്പാച്ചിലാണ് ഇന്നലെ ഉണ്ടായതെന്ന് പി.സി.ജോർജ് എം.എൽ.എ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ പ്രളയത്തേക്കാളും ഭീകരമായിരുന്നു ഇത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പ്രകൃതിക്ഷോഭം മൂലം ജീവഹാനി സംഭവിച്ചിട്ടില്ലെന്നത് ഏറെ ആശ്വാസകരമാണ്. എന്നാൽ വസ്തുവകകളും,വീടും,കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. തീക്കോയി പഞ്ചായത്തിലെ കാരികാട്,ഒറ്റയീട്ടി,മംഗളഗിരി,വേലത്തശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ മണ്ണിടിച്ചില്ലും ,ചെറിയതോതിലുള്ള ഉരുൾപൊട്ടലുമുണ്ടായി. കൂട്ടിക്കൽ പഞ്ചായത്തിലും വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഏറ്റവും വലിയ ദുരന്തമുണ്ടായിരിക്കുന്നത് കോരുത്തോട്, എരുമേലി പഞ്ചായത്തിലെ കണമല ഉൾപ്പടെയുള്ള മേഖലകളിലാണ്. ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനും, തകർന്ന റോഡുകളും പാലങ്ങളും പുനർനിർമ്മിക്കുന്നതിനും,കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. ഈരാറ്റുപേട്ട - വാഗമൺ റോഡിൽ മണ്ണിടിച്ചിൽ മൂലം ഉണ്ടായ തടസങ്ങൾ നീക്കിയതായും എം.എൽ.എ അറിയിച്ചു..