കോട്ടയം: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് അല്പം ശമനമായെങ്കിലും പടിഞ്ഞാറൻ മേഖല വെള്ളത്തിനടിയിലായി. വെള്ളിയാഴ്ച പുലർച്ചെ വരെ മഴ ശക്തിയായി പെയ്‌തെങ്കിലും പകൽ മഴ മാറി നിന്നു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് ഭാഗത്ത് റോഡിൽ വെള്ളം കയറിയെങ്കിലും ഗതാഗതം തടസ്സപ്പെട്ടില്ല. ഈ ഭാഗങ്ങളിൽ വഴിയരികുകളിലെ ചില വീടുകളിലും വെള്ളം കയറി. താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ രണ്ടു ദിവസങ്ങളായി വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു.എന്നാൽ മഴ മാറി നിന്നതു മൂലം വെള്ളം കുറയുമെന്ന പ്രതീക്ഷയിലാണ് ഇവിടുള്ളവർ. എന്നാൽ കിഴക്കൻ വെള്ളത്തിന്റെ വരവ് മൂലം വെള്ളം ഉയരാനും സാദ്ധ്യതയുണ്ട് . ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായി വന്നാൽ ക്യാമ്പുകളിലേക്ക് മാറണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച കാറ്റിൽ തകർന്ന വൈദ്യുത ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും വെള്ളിയാഴ്ച നടന്നു. എന്നാൽ മിക്കയിടങ്ങളിലും പൂർണമായും ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. കുഴിമറ്റത്തും കുറിച്ചിയിലും വലിയ മരങ്ങൾ ലൈനിനു മുകളിലേയ്ക്കു വീണു പോസ്റ്റുകൾ ഒടിഞ്ഞ നിലയിലാണ്. താഴ്ന്ന പ്രദേശങ്ങളായ കുറിച്ചിയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ, പായിപ്പാട്, പൂവ്വം എന്നിവിടങ്ങളിലെല്ലാം വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.