കോട്ടയം : കനത്തമഴയിൽ ഈരാറ്റുപേട്ട അടുക്കത്തുണ്ടായ ഉരുൾപൊട്ടലിൽ മീനച്ചിലാർ കരകവിഞ്ഞതോടെ പാലാ ടൗൺ വെള്ളത്തിൽ മുങ്ങി. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. ഗതാഗതവും താറുമാറായി. ശക്തമായ കാറ്റിൽ മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. വൈദ്യുതിബന്ധവും തകരാറിലായി. ഏക്കർ കണക്കിന് കൃഷി നശിച്ചു. മഴക്കെടുതിയിൽ ഒരാളുടെ ജീവൻ പൊലിഞ്ഞു. കടുത്തുരുത്തി പെരുന്തുരുത്തി പാലത്തിനു സമീപം മണിയൻതുരുത്ത് വാകത്താറ തങ്കപ്പന്റെ (68) മൃതദേഹമാണു ഇന്നലെ പുലർച്ചെ പാടത്ത് കണ്ടെത്തിയത്.
മരം വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ട സ്ഥലങ്ങൾ
ശാസ്ത്രി റോഡിൽ പടുകൂറ്റൻ മരം റോഡിനു കുറുകെ, വൈദ്യുതി ലൈനും പോസ്റ്റും തകർത്ത് വീണത് പുലർച്ചെ 3.30 ന്
ഇല്ലിക്കൽ ചിന്മയ സ്‌കൂളിനു സമീപത്തെ വഴിയിൽ മരം വീണത് പുലർച്ചെ 4.45 ന്
ചുങ്കം എസ്.എച്ച് മൗണ്ട് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടത് 5.50 ന്
കുമ്മനം കുളപ്പുര കോവിൽകടവ്, ദേവലോകം അരമന, നാട്ടകം ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ പുലർച്ചെ ആറോടെ മരം വീണു
വട്ടമൂട് പാലം, എസ്.എച്ച് മൗണ്ട്, നാട്ടകം കോളേജ് റോഡ്, മുട്ടം പാറമടയ്‌ക്കു സമീപം, സി.എം.എസ് കോളേജ് റോഡ്, ഒളശ പൂവൻകുളങ്ങര ക്ഷേത്രം റോഡ്, ജൂബിലി റോഡ് എന്നിവിടങ്ങളിൽ മരം വീണത് പുലർച്ചെ ആറിന്
വ്യാഴാഴ്‌ച ജില്ലയിൽ ലഭിച്ച മഴ - 8.3 സെമീ
ഈ സീസണിലെ ശക്തമായ മഴ ജൂലായ് 20 ന് - 10.00 സെമീ
കെ.എസ്.ഇബിയുടെ നഷ്ടം
ജില്ലയിലെ ആകെ നാശം - 53 ലക്ഷം രൂപ
ഹെടൻഷൻ പോസ്റ്റുകൾ - 50 എണ്ണം
ലോടെൻഷൻ പോസ്റ്റുകൾ - 295
11 കെവി ലൈനുകൾ - ആറു കിലോമീറ്റർ ദൂരം തകർന്നു
ലോ ടെൻഷൻ ലൈനുകൾ - 54 കിലോമീറ്റർ ദൂരം
ട്രാൻസ്‌ഫോമർ - ഒന്ന് (അയ്‌മനത്ത് മരം വീണ് തകർന്നു)
വാഹനവുമായി വെള്ളത്തിൽ ഇറങ്ങുമ്പോൾ
ഫസ്റ്റ് ഗിയറിൽ വാഹനം ഇറക്കുക, വെള്ളത്തിനുള്ളിൽ വച്ച് ഗിയർമാറാൻ ശ്രമിക്കരുത്
കൃത്യമായ വേഗം പരിപാലിക്കുക, കൂട്ടാനോ കുറയ്‌ക്കാനോ ശ്രമിക്കാതിരിക്കുക.
എതിരെ വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം വെള്ളക്കെട്ടുള്ള സ്ഥലത്തേയ്‌ക്ക് ഇറക്കുക.
കുറച്ച് ദൂരം ബ്രേക്ക് പെഡലിൽ കാൽ വെച്ച് വെള്ളത്തിന്റെ നനവ് ഒഴിവാക്കുക.
നിർദേശങ്ങൾ -ടോജോ എം.തോമസ്
ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് കോട്ടയം