പാലാ: പ്രളയത്തെപ്പറ്റി പാലാ പൊലീസ് പൊതു ജനങ്ങൾക്ക് മൈക്കിലൂടെ മുന്നറിയിപ്പ് നൽകിയോ..? അതോ ആരെങ്കിലും തെറ്റായ വിവരം 'പാലാ പൊലീസിന്റെ ' പേരിൽ പ്രചരിപ്പിക്കുന്നതാണോ....?

സംശയം പൊലീസിന്റെ കോട്ടയം സൈബർ സെൽ വിഭാഗത്തിന് തന്നെ! ഇക്കാര്യത്തിൽ അവർ നടത്തിയ അന്വേഷണം പക്ഷേ പ്രളയം പോലെ തന്നെ 'വഴി മാറി ഒഴുകി '.
സംഭവം ഇങ്ങനെ: ഇന്നലെ പുലർച്ചെ തന്നെ പാലാ പൊലീസ് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും മൈക്കിലൂടെ ജാഗ്രതാ മുന്നറിയിപ്പുമായി നിരത്തിലിറങ്ങി. അടുക്കത്ത് ഉരുൾ പൊട്ടലുണ്ടായ പശ്ചാത്തലത്തിൽ മീനച്ചിലാറിന്റെ ഇരുകരകളിലുമായി വ്യാപാരം നടത്തുന്നവർ തങ്ങളുടെ സ്ഥാപനങ്ങളിലെ സാധന സാമഗ്രികൾ നഷ്ടപ്പെടാതെ നോക്കണം എന്നായിരുന്നൂ പൊലീസിന്റെ മൈക്ക് അനൗൺസ്‌മെന്റ് . ഈ ജാഗ്രതാ നിർദ്ദേശം ലൈവായും, ശബ്ദം റിക്കാർഡു ചെയ്തും പൊതു ജനങ്ങളും മാദ്ധ്യമ പ്രവർത്തകരും സമൂഹമാദ്ധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചു. പൊലീസിന്റെ ഈ മുന്നറിയിപ്പ് ജനങ്ങൾക്ക് വളരെ ഉപകാരപ്പെടുകയും ചെയ്തു.

പക്ഷേ ഇന്നലെ ഉച്ചതിരിഞ്ഞതോടെയാണ് ഈ വിവരം കോട്ടയം സൈബർ സെല്ലിൽ ലഭിക്കുന്നത്. അതും ഏതോ വാട്‌സപ്പ് ഗ്രൂപ്പുവഴി. ഉടൻ അവർ അന്വേഷണം തുടങ്ങി. എന്നാൽ ഇങ്ങനെയൊരു മുന്നറിയിപ്പ് കൊടുത്തിരുന്നോ എന്ന് പാലാ പൊലീസിൽ ആദ്യം ഒന്ന് വിളിച്ച് തിരക്കാനുള്ള 'അന്വേഷണ ബുദ്ധി' സൈബർ സെൽ ഉദ്യോഗസ്ഥർക്കുണ്ടായില്ല. സമൂഹ മാദ്ധ്യമങ്ങളിൽ ഈ മുന്നറിയിപ്പ് പ്രചരിപ്പിച്ച പൊതു ജനങ്ങളേയും മാദ്ധ്യമ പ്രവർത്തകരേയും കോട്ടയം സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. പാലാ പൊലീസിന്റേതായി അയച്ച മുന്നറിയിപ്പ് സന്ദേശം എവിടെ നിന്നും കിട്ടിയെന്നും തിരക്കി. ഇത് ഈ വർഷത്തേ സന്ദേശമാണോ എന്നും, പൊലീസ് ഇങ്ങനെയൊരു അനൗൺസ്‌മെന്റ് നടത്തിയിട്ടുണ്ടോ എന്നും ഇയാൾ ആരാഞ്ഞു. വാട്‌സപ്പ് ഗ്രൂപ്പിൽ തങ്ങൾക്ക് അയച്ചു കിട്ടിയതാണെന്ന് പലരും മറുപടി പറഞ്ഞു. അങ്ങിനെയെങ്കിൽ അതിന്റെ സ്‌ക്രീൻ ഷോട്ട് ഉടനെ സൈബർ സെല്ലിലേക്ക് അയച്ചു കൊടുക്കണമെന്നുമായി ഇയാൾ.

എന്നാൽ ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയ വിവരം പാലാ പൊലീസിൽ വിളിച്ച് ഉറപ്പു വരുത്തിയ ഒരു മാദ്ധ്യമ പ്രവർത്തകൻ ഇക്കാര്യം കോട്ടയം സൈബർ സെല്ലിലേക്ക് വിളിച്ച് അറിയിച്ചു. നിങ്ങൾ ഈ സന്ദേശം ഷെയർ ചെയ്തവരെ മുഴുവൻ വിളിച്ച് അന്വേഷിക്കാതെ പാലാ പൊലീസിൽ ചോദിക്കൂവെന്ന പറഞ്ഞ മാദ്ധ്യമ പ്രവർത്തകരോട് തങ്ങൾ ഇക്കാര്യം ഇപ്പോൾ അന്വേഷിച്ചു ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു എന്നായിരുന്നൂ സൈബർ സെൽ ജീവനക്കാരന്റെ മറുപടി! പിന്നീട് മാദ്ധ്യമ പ്രവർത്തകർ ഇക്കാര്യം ജില്ലാ പൊലീസ് ചീഫ് സാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി.

തന്റെ അറിവോടെയാണ് പാലായിൽ ഇന്നലെ പുലർച്ചെ പൊലീസ് മൈക്ക് അനൗൺസ്‌മെന്റ് നടത്തിയതെന്നു പറഞ്ഞ പൊലീസ് ചീഫ് ഇക്കാര്യത്തിൽ പാലാ പൊലീസിൽ വിവരം തിരക്കാതെ, സന്ദേശം പ്രചരിപ്പിച്ചവരെ വിളിച്ച് ആക്ഷേപകരമായ രീതിയിൽ സൈബർ സെൽ അന്വേഷണം നടത്തിയതിനെപ്പറ്റി അന്വേഷിക്കുമെന്നും കൂട്ടിച്ചേർത്തു.