കോട്ടയം : ഈരാറ്റുപേട്ടയ്ക്ക് സമീപം മീനച്ചിലാറ്റിൽ ഇന്നലെ പുലർച്ചെയുണ്ടായ വെള്ളപ്പൊക്കം തീക്കോയി എസ്റ്റേറ്റിന്റെ താഴ്ന്നപ്രദേശങ്ങളിലെ പത്തിലേറെ വീടുകളിൽ നാശം വിതച്ചു. തീക്കോയി, ഒറ്റഈട്ടി, മരവിക്കല്ല്, അടുക്കം, മംഗളഗിരി എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് അർദ്ധരാത്രിയിലെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമായത്. പുലർച്ചെ ഒന്നരയോടെ ആളുകൾ ഉറങ്ങിക്കിടന്ന വീട്ടിലേക്ക് മണ്ണും, കല്ലും ഉൾപ്പടെ കലക്കവെള്ളം ഇരച്ചുകയറുകയായിരുന്നു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്ന് ആളുകൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും, പാഠപുസ്തകങ്ങളും, ഭക്ഷ്യസാധനങ്ങളുമുൾപ്പെടെ നിമിഷനേരം കൊണ്ട് വെള്ളത്തിലായി. ഒരുപശുവും, കിടാവും, കോഴിയും താറാവുമുൾപ്പെടെ അമ്പതിലേറെ വളർത്തുപക്ഷികൾക്കും ജീവൻ നഷ്ടമായി.

രാത്രി 12ന് തുടങ്ങിയ പേമാരിയുടെ സംഹാരതാണ്ഡവം ഭയന്ന് പലരും ഉറങ്ങാതിരുന്നതിനാലാണ് വൻദുരന്തം ഒഴിവായത്. രാത്രി രണ്ടരയോടെയാണ് രംഗം ശാന്തമായത്. വാഗമൺ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന മീനച്ചിലാറിന്റെ കൈവഴികൾ ചാത്തപ്പുഴയിലൂടെ സമതലത്തിൽ സംഗമിച്ച് ഒഴുകിത്തുടങ്ങുന്ന സ്ഥലമാണ് തീക്കോയി പ്രദേശം. പതിറ്റാണ്ടുകളായി ഈ നദിക്കരയിൽ ജനവാസവുമുണ്ട്. എന്നാൽ ഇന്നലത്തേതിന് സമാനമായൊരു ദുരന്തം ആരുടേയും ഓർർമ്മയിലില്ല. 1957ൽ നദി കരകവിഞ്ഞൊഴുകിയെങ്കിലും ഇത്രത്തോളമുണ്ടായിരുന്നില്ലെന്നാണ് പഴമക്കാർ പറയുന്നത്. ഈരാറ്റുപേട്ട സെന്റ് ജോർജ് ദേവാലയത്തിന്റെ ശ്മശാനത്തിലും ചരിത്രത്തിൽ ആദ്യമായി വെള്ളം കയറി. അഞ്ചടിയിലേറെ വെള്ളമാണ് ശ്മശാനത്തിൽ ഉയർന്നത്. ഇന്നലെ ഉച്ചയോടെയാണ് വെള്ളം ഇറങ്ങിയത്. ഇടവകക്കാരായ രണ്ടുപേരുടെ സംസ്കാരചടങ്ങുകളും വെള്ളപ്പൊക്കം കാരണം വൈകി.