thottaa

പാലാ : പീഡനക്കേസിൽ വിധി കേൾക്കാൻ അരയിൽ തോട്ട കെട്ടിവച്ച് കോടതിയിലേക്ക് പോയ പ്രതിക്ക് സ്വകാര്യ ബസിൽ വച്ച് തോട്ട പൊട്ടി സാരമായി പരിക്കേറ്റു. പാലാ മാറിടം പതിക്കമാലിയിൽ കോളനിയിൽ പതിയിൽ ഹൗസിൽ ജോയിയാണ് (62) വയറ്റിൽ സാരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. വിധി എതിരായാൽ കോടതി വളപ്പിൽ ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 11.30ന് കിടങ്ങൂരിലെ ബസ് ബേയിലായിരുന്നു സംഭവം. മെഡിക്കൽ സ്‌റ്റോറിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 2014ലാണ് ജോയിക്കെതിരെ കിടങ്ങൂർ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യത്തിലിറങ്ങിയ ഇയാൾ വിധി കേൾക്കുന്നതിനായി ഭാര്യ വത്സലയോടൊപ്പം കോട്ടയം സെഷൻസ് കോടതിയിലേക്ക് വരികയായിരുന്നു. സീറ്റിൽ ഇരിക്കുന്നതിനിടെ സമ്മർദ്ദത്തെ തുടർന്ന് തോട്ട അരയിലിരുന്ന് പൊട്ടിയതാകാമെന്നാണ് കരുതുന്നത്. ബസ് ജീവനക്കാർ ഉടൻ ജോയിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് മാരകമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജോയിക്കെതിരെ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തു.