പാലാ: തിമിർത്തു പെയ്ത മഴയിലും കിഴക്കൻ മേഖലയിലെ ഉരുൾപൊട്ടലിലും കുതിച്ചെത്തിയ വെള്ളം ഇന്നലെ പാലാ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി. രാവിലെ മുതൽ ടൗണിൽ വെള്ളം കയറിത്തുടങ്ങി. ഉച്ചയോടെ പാലാ നഗരം പൂർണമായും ഒറ്റപ്പെട്ട നിലയിൽ വെള്ളത്തിലായി. സ്റ്റേഡിയം ജംഗ്ഷൻ മുതൽ മുനിസിപ്പൽ ടൗൺഹാൾ വരെ റോഡിലും ബിഷപ് ഹൗസിനു മുൻവശം മുതൽ അരുണാപുരം വരെയും റോഡിൽ അരയോളംവെള്ളമെത്തി. ഈ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി. വെള്ളം കയറുമെന്ന ഭീതിയോടെ രാത്രിയിൽ മിക്ക വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിൽ തന്നെ കഴിഞ്ഞു കൂടി സാധന സാമഗ്രികൾ ഉയർന്ന സ്ഥലത്തിലേക്ക് കയറ്റിവച്ചു. പാലാ- ഈരാറ്റുപേട്ട റൂട്ടിൽ മൂന്നാനിയിലും പാലാ-വലവൂർ റൂട്ടിൽ മുണ്ടുപാലത്തും ഏഴാച്ചേരി റൂട്ടിൽ കരൂരും വെളളം കയറിയതിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. പാലാ-തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളിയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കൊല്ലപ്പള്ളികുറുമണ്ണ് റൂട്ടിലും കടനാട് റൂട്ടിലും വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. പാലാ-കുറവിലങ്ങാട് റൂട്ടിൽ വള്ളിച്ചിറ മണലേൽപ്പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പാലാ-പൊൻകുന്നം റോഡിൽ കുറ്റില്ലത്തും വായനശാല ജംഗ്ഷനിലും മുരിക്കുംപുഴയിലും വള്ളം കയറിയതോടെ ഗതാഗതം നിലച്ചു. തീക്കോയി-വാഗമൺ റോഡിൽ നാലു സ്ഥലത്ത് മണ്ണിടിഞ്ഞു വീണതിനാൽ ഗതാഗതം തടസപ്പെട്ടു.പനയ്ക്കപ്പാലം, അമ്പാറ, മൂന്നാനി, ചെത്തിമറ്റം, പാലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻവശം, മുനിസിപ്പൽ സ്റ്റേഡിയം ജംഗ്ഷൻ, ടൗൺ ഹാളിനു മുൻവശം, കൊട്ടാരമറ്റം, മുത്തോലി, ചേർപ്പുങ്കൽ എന്നിവിടങ്ങളിൽ റോഡിൽ അരയോളം വെള്ളമാണ ഉയർന്നത്. പാലാ നഗരത്തിലെ വെള്ളപ്പൊക്കം കാണാനായി നാടിന്റെ നാനാ ദിക്കിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു ജനങ്ങളാണ് പാലാ നഗരത്തിലേക്ക് ഒഴുകിയെത്തിയത്.
മീനിച്ചിൽ താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടയിലായതോടെ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. മുത്തോലി, ഏഴാച്ചേരി, പാലാ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടുള്ളത്.
മുത്തോലിയിൽ 25 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.ജോസ് കെ മാണി എം പി ക്യാന്പ് സന്ദർശിച്ച് ദുരിതാശ്വാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട. രാത്രിയിൽ തന്നെ പോലീസ് മൈക്കിലൂടെ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിരുന്നു.