കോട്ടയം : മഴക്കെടുതി നേരിടുന്നതിനായി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും നാളെ തുറന്ന് പ്രവർത്തിക്കുമെന്ന് കളക്ടർ പി.കെ സുധീർ ബാബു അറിയിച്ചു. കളക്ഷൻ സെന്റർ തുടങ്ങി ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യ സാമഗ്രികൾ എത്തിക്കുന്നതിനായി കളക്ടറേറ്റിൽ കളക്ഷൻ സെന്റർ ആരംഭിച്ചു. കൊതുകു വല, പായ, പുതപ്പ് എന്നിവയാണ് സമാഹരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9446564800, 9446052429 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും പൊലീസ് പട്രോളിംഗ് നടത്തും. 25 പേരിൽ കൂടുതൽ താമസിക്കുന്ന ക്യാമ്പുകളിൽ രാത്രികാലങ്ങളിൽ വനിതാപൊലീസിന്റെ സേവനം ഉറപ്പാക്കും.
ജാഗ്രത വേണം, സെൽഫി വേണ്ട
മഴക്കെടുതിയുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന അപടകങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ. മലയോരമേഖലയിലേക്കുള്ള വിനോദയാത്രകൾ ഒഴിവാക്കണം. നദീതീരത്തും വെള്ളക്കെട്ടുകൾക്കു സമീപവും സാഹസികമായി സെൽഫി എടുക്കരുത്. കുട്ടികൾ വെള്ളക്കെട്ടിനടുത്ത് പോകുന്നത് ഒഴിവാക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളത്തിലൂടെ ഒഴുകുന്ന തടികളും മറ്റും എടുക്കുക്കാൻ ശ്രമിക്കരുത്. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിൽ കൂടിനിന്ന് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കരുത്. ഒടിഞ്ഞു വീഴുന്ന മരങ്ങൾ വൈദ്യുതി ലൈനിൽ തട്ടി അപകടങ്ങൾ സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ മരങ്ങൾ നീക്കം ചെയ്യാൻ ഫയർഫോഴ്‌സിന്റെയും കെ.എസ്.ഇ.ബിയുടെയും സഹായം തേടണം. അപകടകരമായ രീതിയിലുള്ള മരങ്ങൾ വെട്ടിമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ അറിയിപ്പു നൽകുന്നതനുസരിച്ച് പ്രളയമേഖലകളിൽ നിന്ന് മാറാൻ പൊതുജനങ്ങൾ തയ്യാറാകണം. ക്യാമ്പുകളിലേക്ക് മാറുന്നവർ അവശ്യ രേഖകൾ കൈയിൽ കരുതണം. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വള്ളങ്ങൾ എത്തിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും വെള്ളം ഒഴുകുന്ന കൾവേർട്ടുകളിൽ(കലുങ്ക്) അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്.