ഈരാറ്റുപേട്ട : രാവിലെ കേട്ട അസാധാരണ ശബ്ദം കർത്താവിൽനിന്നുള്ള സന്ദേശമായിരുന്നെന്ന് ഈരാറ്റുപേട്ട മരവിക്കല്ല് വടക്കേമുറിയിൽ ഫ്രാൻസിസിനും കുടുംബത്തിനും ഉറപ്പുണ്ട്. അല്പനേരം മുൻപ് വരെ കിടന്നുറങ്ങിയ മുറിയും കട്ടിലും കിടക്കയുമുൾപ്പടെ തരിപ്പണമാക്കിയ മണ്ണിടിച്ചിലിൽ നിന്ന് ഭാഗ്യത്തിന്റെ ആനുകൂല്യമൊന്ന് കൊണ്ടാണ് ഫ്രാൻസിസ് (കുട്ടിയച്ചൻ -54) രക്ഷപ്പെട്ടത്.

ആ സംഭവം ഇങ്ങനെ:

ഇന്നലെ രാവിലെ ആറരയോടെ ഫ്രാൻസിസ് കട്ടൻകാപ്പി കുടിച്ചിരിക്കെയാണ് എന്തോ ഇരച്ചെത്തുന്നത് പോലൊരു ശബ്ദം കേട്ടത്. ഉടൻ വീടിന് പുറത്തിറങ്ങി നോക്കുമ്പോൾ നൂറുവാര അകലെ തോട്ടിലൂടെ കൂറ്റൻ കല്ലും മരങ്ങളും വഹിച്ചുകൊണ്ട് മലവെള്ളം കുത്തിയൊലിച്ചുപോകുന്നു. മലമുകളിൽ ഉരുൾപൊട്ടിയെന്ന് ഭാര്യയോട് വിളിച്ചുപറഞ്ഞ് മുറ്റത്തുനിൽക്കുമ്പോഴാണ് വീടിന് പിൻഭാഗത്തെ മൺതിട്ട ഇടിഞ്ഞ് ഫ്രാൻസിസ് കിടന്നുറങ്ങിയ മുറിയുടെ മേൽക്കൂരസഹിതം നിലംപൊത്തിയത്. മൊബൈൽ ഫോൺ കൈയിലെടുത്തതിനാൽ അതൊഴികെ ബാക്കിയെല്ലാം നശിച്ചു. അപകടം സംഭവിച്ച വീട് ലാലിയുടെ മാതാവ് വാഴയിൽ റോസമ്മ വർക്കിയുടെ പേരിലുള്ളതാണ്. ഇവരും ഈ വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഇന്നലെ സ്ഥലത്തുണ്ടായിരുന്നില്ല. ഫ്രാൻസിസും ഭാര്യയും, മരുമകൾ ദീപയുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്.