shethram-jpg

വൈക്കം: ശക്തമായ മഴയിൽ വല്ലകം അരികുളങ്ങര സ്വയംഭൂ ദുർഗ്ഗാക്ഷേത്രത്തിൽ വെള്ളം കയറി.നാലമ്പലത്തിൽ മൂന്ന് അടിയിലധികം ഉയരത്തിൽകയറിയ വെള്ളം ക്ഷേത്രഭരാവാഹികൾ പമ്പ് ചെയ്ത് പുറത്തേയ്ക്ക് ഒഴുക്കിയാണ് ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങളും ദർശനത്തിനെത്തുന്ന ഭക്തർക്കുമുള്ള സൗകര്യം ഒരുക്കിയത്. മുട്ടറ്റം വെള്ളം നീന്തിയാണ് ഭക്തർ എത്തുന്നത്. മലിനജലം നാലമ്പലത്തിനകത്തുള്ള തീർത്ഥ കിണറിൽ കയറിയത് മൂലം പകർച്ച വ്യാധി ഉണ്ടാകുവാനുള്ള സാദ്ധ്യതയും ഏറെയാണ്. ഒരേക്കർ വരുന്ന ക്ഷേത്ര കോമ്പൗണ്ടിൽ മുൻപ് നെൽ ക്യഷി ചെയ്തിരുന്നു. ക്ഷേത്രത്തിലെ നിവേദ്യ ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്നത് ഈ നെല്ലാണ്. വെള്ളക്കെട്ട് മൂലം ഇപ്പോൾ ക്യഷിയിറക്കുവാൻ കഴിയുന്നില്ല. ക്ഷേത്രത്തിന് സമീപമുള്ള കൃഷി ഭവനിലേക്കും മൃഗാശുപത്രിയിലേക്കും എത്തുന്ന നൂറ് കണക്കിന് ആളുകൾ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അശാസ്ത്രീയമായ ഓട നിർമ്മാണമാണ് വെള്ളം ഒഴുക്ക് തടസ്സപ്പെടുവാൻ കാരണമെന്നും ബന്ധപ്പെട്ടവർക്ക് പരാതി നല്കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ക്ഷേത്ര ഭാരാവാഹികളും ഭക്തജനങ്ങളും പറയുന്നു. മൂവാറ്റുപുഴയാറിന്റെ വടയാർ തീരം കരകവിഞ്ഞതിനെ തുടർന്ന് ഇളങ്കാവ് ദേവീക്ഷേത്രത്തിൽ വെള്ളം കയറി. ശ്രീകോവിലിലേക്ക് വെള്ളം കയറാത്തതിനാൽ പൂജാകർമ്മങ്ങൾ തടസ്സം കൂടാതെ നടത്താനായി.ക്ഷേത്ര റോഡിലും സമീപത്തെ സ്‌കൂൾ വളപ്പിലും മുട്ടോളം വെള്ളം കയറി.