ഈരാറ്റുപേട്ട: മഴയും തണുപ്പുമേൽക്കാതെ മുറിക്കുള്ളിൽ ചുരുണ്ടുകൂടാൻ ഇടംനൽകിയ വീട്ടുകാർക്ക് രണ്ടുമാസം പ്രായമായ നായക്കുട്ടി നൽകിയത് വിലമതിക്കാനാവാത്ത സമ്മാനം. തീക്കോയ് എസ്റ്റേറ്റ് തൊഴിലാളിയായ കാപ്പിൽ രവീന്ദ്രനും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ജീവനാണ് 'ടുട്ടു' എന്ന നായക്കുട്ടി സംരക്ഷിച്ചത്. രവീന്ദ്രനും ഭാര്യയും കിടന്നുറങ്ങുന്ന മുറിയുടെ തറയിലാണ് ടുട്ടുവും ഉറങ്ങാൻ കിടന്നത്. പുലർച്ചെ ഒരന്നരയോടെ വീടിന് പിന്നിലൂടെ ഒഴുകുന്ന മീനച്ചിലാർ കരകവിഞ്ഞു. സമീപത്തെ മലയോരങ്ങളിൽ ഉരുൾപൊട്ടിയതിനെത്തുടർന്നുള്ള ജലപ്രവാഹം മുറിക്കുള്ളിലുമെത്തി. ടുട്ടു സർവശക്തിയുമെടുത്ത് കുരച്ചും മാന്തിയും ഗൃഹനാഥനെ ഉണർത്തി. ഞെട്ടിയുണർന്ന രവീന്ദ്രൻ കട്ടിലിൽ നിന്ന് കാലെടുത്തുവച്ചത് മുട്ടൊപ്പം വെള്ളത്തിലേക്കായിരുന്നു. ഭാര്യയേയും അടുത്തമുറിയിൽ കിടന്നുറങ്ങുകയായിരുന്ന രണ്ട് മക്കളേയും വിളിച്ചുണർത്തി ടുട്ടുവിനെയും എടുത്ത് പുറത്തേക്കോടി. അമ്പത് മീറ്റർ അകലെ വെള്ളം കയറാത്ത ഉയർന്നസ്ഥലത്ത് കുടുംബാംഗങ്ങളെ സുരക്ഷിതമായി എത്തിച്ചശേഷം തിരിച്ചെത്തിയ രവീന്ദ്രൻ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെ അഴിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. മൂന്ന് പശുക്കളും ഒരു കിടാവുമാണ് തൊഴുത്തിലുണ്ടായിരുന്നത്. രണ്ടെണ്ണത്തിനെ രക്ഷിക്കാനായെങ്കിലും ആറ് മാസം ഗർഭിണിയായിരുന്ന ഒരു പശുവിന്റെ ജീവൻ അതിനോടകം നഷ്ടപ്പെട്ടിരുന്നു. ഏഴ് മാസം പ്രായമായ കിടാവിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയും ചെയ്തു. കന്നുകാലികളും വീട്ടുപകരണങ്ങളുമുൾപ്പെടെ വിലപിടിപ്പുള്ള പലതും നഷ്ടമായെങ്കിലും ടുടുവിന്റെ അവസരോചിതമായ ഇടപെടലിൽ ജീവിതം തിരിച്ചുകിട്ടിയതിലുള്ള സന്തോഷം രവീന്ദ്രനും കുടുംബവും മറച്ചുവയ്ക്കുന്നില്ല. ഭാര്യാസഹോദരിയുടെ വീട്ടിൽ നിന്നാണ് ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായക്കുട്ടിയെ രവീന്ദ്രന് കിട്ടിയത്.