തലയോലപ്പറമ്പ്: കഴിഞ്ഞ പ്രളയത്തിൽ വൃക്ഷങ്ങൾ കടപുഴകി വീണു വീട് തകർന്ന് താമസയോഗ്യമല്ലാതായ തലയോലപ്പറമ്പ് കോളാറയിൽ ജോയിയുടെ വീട്ടിൽ ശേഷിച്ചിരുന്ന പശുതൊഴുത്തും ഇന്നലെ വൃക്ഷങ്ങൾ കടപുഴകി വീണു തകർന്നു. കഴിഞ്ഞ പ്രളയത്തിൽ വെള്ളത്തിൽ മുങ്ങിയ ജോയിയുടെ കോൺക്രീറ്റ് വീട് പൂർണ്ണമായി തകർന്നിരുന്നു. മേൽതട്ട് തകർന്ന് ഭിത്തികൾ വിണ്ട് കീറിയ വീട്ടിൽ താമസിക്കാൻ കഴിയാത്തതിനാൽ ജോയിയും കുടുംബവും ബന്ധുവീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ജോയിയും കുടുംബവും കന്നുകാലികളെ പരിപാലിച്ചാണ് ഉപജീവനം നടത്തുന്നത്. ആടുകളെയും എരുമയേയും പശുവിനേയുമൊക്കെ നിർത്തിയിരുന്ന തൊഴുത്തിലേയ്ക്ക് പുരയിടത്തിൽ നിന്ന നാല് ആഞ്ഞിലികൾ കടപുഴകി വീഴുകയായിരുന്നു. പ്രളയത്തിൽ തകർന്ന വീട് പുനർനിർമ്മിക്കാൻ മാർഗമില്ലാതെ നട്ടംതിരിയുന്നതിനിടയിൽ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് തൊഴുത്തു തകർന്നതോടെ കന്നുകാലികളെ കയറ്റി നിർത്താൻ സ്ഥലമില്ലാതെ വലയുകയാണ് ജോയി.