പൊൻകുന്നം:പൊൻകുന്നം മേഖലയിൽ കാറ്റിലും മഴയിലും വൻനാശം. വെള്ളിയാഴ്ച പുലർച്ചെ കാറ്റിൽ പാഴ്മരം ഒടിഞ്ഞു വീണ് വീടിന്റെ മേൽക്കൂര തകർന്ന് വീട്ടമ്മക്ക് പരിക്കേറ്റു. ചിറക്കടവ് സെന്റർ രാമച്ചനാട്ടയിൽ ദേവദാസിന്റെ അമ്മ ശാന്തമ്മക്കാണ് ഷീറ്റ് പൊട്ടി വീണ് പരിക്കേറ്റത്. ഇവർ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. കൊപ്രാക്കളം ഇരുമ്പുകുത്തി കവല കൊച്ചുപുരയ്ക്കൽ ശാന്തമ്മയുടെ വീടിനു മുകളിൽ പ്ലാവ് ഒടിഞ്ഞ് വീണു.

പൊൻകുന്നം തോണിപ്പാറ പുളിക്കൽപ്പറമ്പിൽ ജമാലുദ്ദീന്റെ വീടിന് മുകളിൽ റബർമരം വീണ് മേൽക്കൂരയുടെ ഷീറ്റുകൾ തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുലർച്ചെ നാലിനായായിരുന്നു സംഭവം.

ചെറുവള്ളി തള്ളക്കയം തോട്ടുങ്കൽ സംഗീതയുടെ വീടിന്റെ ഷീറ്റുകൾ കാറ്റിൽ പറന്നു പോയി. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും മേഖലയിലെ വൈദ്യുതി ബന്ധം താറുമാറായി.