കോട്ടയം: കനത്ത മഴയെത്തുടർന്ന് കോട്ടയം ജില്ലയിൽ ജലനിരപ്പ് ഉയർന്ന മേഖലകളിലെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു.

ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരും രാപ്പകൽ വ്യത്യാസമില്ലാതെ ജാഗ്രത പുലർത്തുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനും വെള്ളപ്പൊക്ക സാധ്യതാ മേഖലകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജില്ലയിലെ ദുരന്ത നിവാരണ സംവിധാനം സുസജ്ജമാണ് ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മന്ത്രി പറഞ്ഞു.
ഇന്നലെ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം ജില്ലയിലെ സ്ഥിതിഗതികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്തി. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, സബ് കളക്ടർ ഈഷ പ്രിയ, എ.ഡി.എം. അലക്‌സ് ജോസഫ്, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.

സംക്രാന്തി എസ്.എൻ.എൽ.പി.എസ്, പള്ളിപ്പുറം സെന്റ് മേരീസ് പള്ളി ഹാൾ, പുന്നത്തുറ സെന്റ് ജോസഫ്‌സ് എച്ച്.എസ്, അയർക്കുന്നം മഠത്തിക്കവല അങ്കണവാടി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ മന്ത്രി തിലോത്തമൻ സന്ദർശനം നടത്തി. ജില്ലാ കളക്ടറും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.