തലയോലപ്പറമ്പ്: പ്രളയത്തിന് ഒരാണ്ട് എത്തുകയാണ്. ദുരിതം തീർത്ത നിമിഷങ്ങൾ ഇനിയും മറന്നിട്ടില്ല. കിടപ്പാടം നഷ്ടപ്പെട്ടവർ, ഭൂമി പുഴയെടുത്തവർ. ദുരിതം സഹിച്ചവരുടെ നിര നീളുകയാണ്. പ്രളയത്തിന് ശേഷം വീണ്ടുമൊരു വെള്ളപ്പൊക്കമെത്തുമ്പോൾ വൈക്കം തലയോലപ്പറമ്പ് നിവാസികളുടെ ചങ്ക് പൊള്ളുകയാണ്. ഇനി നേരിടേണ്ടത് എന്തൊക്കെ ദുരിതങ്ങളെയാവും... ഇവരിൽ ഏറെ ആശങ്കപ്പെടുന്നത് മൂവാറ്റുപുഴയാറിന്റെ തീരത്ത് വസിക്കുന്നവരാണ്. എല്ലാ വർഷവും വെള്ളപ്പൊക്ക ശേഷം ജലനിരപ്പ് താഴുന്നതോടെ മൂവാറ്റുപുഴയാറിന്റെ തീരം ഇടിയുന്നത് പതിവാണ്. എന്നാൽ കഴിഞ്ഞ പ്രളയം ശേഷം ഇതിന്റെ കാഠിന്യമേറി. ഇത്തവണയും പതിവ് ആവർത്തിക്കാൻ സാധ്യത ഏറെയാണ്. കൂടുതൽ സ്ഥലങ്ങൾ ഇടിഞ്ഞുതാണേക്കാം.ഏത് നിമിഷവും കിടപ്പാടം പുഴയെടുക്കുമെന്നതാണ് പല കുടുംബങ്ങളുടെയും അവസ്ഥ. ഈ ദുരവസ്ഥയ്ക്ക് മുമ്പിൽ അധികൃതർ കൂടി കണ്ണടയ്ക്കുമ്പോൾ തീരവാസികൾ നിസഹായരാണ്. വെള്ളൂർ, തലയോലപ്പറമ്പ്, മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലായി മൂന്നൂറോളം വീടുകളാണ് നിലവിൽ തീരമിടിച്ചിൽ ഭീഷണി നേരിടുന്നത്. അപകടം ഭയന്ന് ബന്ധുവീടുകളിൽ അന്തിയുറങ്ങുന്നവർ നിരവധി. പുരയിടങ്ങളും വൻതോതിൽ പുഴയിലേക്ക് ഇടിഞ്ഞു താണു. 15 സെന്റ് സ്ഥലം വരെ നഷ്ടപ്പെട്ടവർ ഈ പ്രദേശത്തുണ്ട്.
വെട്ടിക്കാട്ട്മുക്ക്, മിഠായിക്കുന്നം, വരിക്കാംകുന്ന്, ഇടവട്ടം, വെള്ളൂർ, ചിറേക്കടവ്, വൈക്കപ്രയാർ ഭാഗങ്ങളിലാണ് തുടർച്ചയായി തീരമിടിയുന്നത്. ഈ പ്രദേശത്ത് പല വീടുകൾക്കും വിള്ളലുകൾ വീണിട്ടുണ്ട്. പല വീടുകളും പുഴയും തമ്മിലുള്ള അകലം ഒരുമീറ്ററിൽ താഴെയാണ്. വരിക്കാംകുന്ന് കയർ വ്യവസായ സഹകരണ സംഘത്തിന്റെ വക സ്ഥലവും കഴിഞ്ഞതവണ പുഴ കവർന്നിരുന്നു. വാക്കയിൽ - ചിറേക്കടവ് റോഡ്, വൈക്കപ്രയാർ -മനയ്ക്കൽ റോഡ് എന്നിവ ഒരു വർഷം മുമ്പ് പുഴയിലേക്ക് ഇടിഞ്ഞ് താണിരുന്നു.
കൃഷിയും പുഴയെടുത്തു
പ്രളയശേഷം പുരയിടങ്ങൾ കൂടി പുഴ കവർന്നതോടെ മേഖലയിൽ വൻതോതിൽ കൃഷിനാശവും റിപ്പോർട്ട് ചെയ്തിരുന്നു. ജാതി, തെങ്ങ്, വാഴ, തേക്ക്, ആഞ്ഞിലിമരങ്ങൾ എന്നിവ പുഴയിലേക്ക് നിലംപൊത്തിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് മുമ്പ് പലർക്കും ഉണ്ടായത്. കൃഷി നനയ്ക്കാനുള്ള മോട്ടോർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും നഷ്ടപ്പെട്ടിരുന്നു. തീരമിടിച്ചിൽ വ്യാപകമായതോടെ പുഴയോരം കരിങ്കല്ല് കെട്ടി സംരക്ഷിക്കണമെന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. അപകടഭീഷണിയിലായ വീടുകളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കണമെന്ന് പലതവണ ആവശ്യം ഉയർന്നിട്ടും ഇനിയും നടപ്പായിട്ടില്ല.