പാലാ : പ്രകൃതിയൊരുക്കിയ പുഴ വെള്ളത്തിൽ പൂവരണി തേവർ ആറാടി. തുടർച്ചയായി എട്ടു മണിക്കൂറോളം പുഴ വെള്ളത്തിൽ മുങ്ങിക്കിടന്നുള്ള ആറാട്ട്. പൂവരണി മഹാദേവന്റെ ഭാഗ്യവും പുണ്യവുമാണീ പുഴയാറാട്ട് എന്നാണ് ഭക്തജനങ്ങൾ പറയുന്നത്. വർഷ കാലത്ത് ക്ഷേത്രത്തെ അതിരിട്ടൊഴുകുന്ന മീനച്ചിൽ തോട് കരകവിയും. മീനച്ചിലാറിന്റെ പ്രധാന കൈവഴികളിലൊന്നായ മീനച്ചിൽ തോട് കര കവിഞ്ഞാൽ ക്ഷേത്രത്തിലേക്ക് വെള്ളം ഇരച്ചെത്തും.
നാലമ്പലവും, നമസ്കാര മണ്ഡപവും കടന്ന് പുഴ ശ്രീകോവിലിലേക്ക് കുതിച്ചെത്തും. ചിലപ്പോൾ ദിവസങ്ങളോളം വെള്ളം നിൽക്കും. സ്വയം ആറാടുന്ന അത്ഭുത ശക്തിവിശേഷമാണ് പൂവരണി മഹാദേവനെന്നാണ് ഇതേ വരെ നടത്തിയിട്ടുള്ള ദേവപ്രശ്‌ന വിധികൾ. പ്രകൃതിയൊരുക്കിയ ആറാട്ട് ദർശിക്കാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. വെള്ളമിറങ്ങി കഴിയുമ്പോൾ വിശേഷാൽ പൂജകളും നടത്താറുണ്ടെന്ന് മേൽശാന്തി കല്ലമ്പിള്ളി ഇല്ലം വിഷ്ണു നമ്പൂതിരി പറഞ്ഞു. ഓർമ്മയിൽ മൂന്നോ നാലോ വർഷം മാത്രമേ പുഴ വെള്ളം കയറി ഭഗവാന്റെ ആറാട്ട് നടക്കാതിരുന്നിട്ടുള്ളൂ. അന്നൊക്കെ ചില അനർത്ഥങ്ങളുമുണ്ടായിട്ടുണ്ടെന്ന് വിഷ്ണു നമ്പൂതിരി പറഞ്ഞു. ഉത്സവ നാളിൽ മീനച്ചിലാറിന്റെ പാലാക്കയത്തിലാണ് ഭഗവാന്റെ ആറാട്ടുത്സവം. പുഴ വെള്ളത്തിൽ ആറാടിയാലും ആറാട്ടുപൂജകൾ നടത്തണമെന്നാണു വിധി. കഴിഞ്ഞ പ്രളയ നാളുകളിൽ മൂന്നുദിവസത്തോളം ഭഗവാൻ ആറാടി നിന്നു.