തൃക്കൊടിത്താനം : കഴിഞ്ഞദിവസം പെയ്ത മഴയിൽ ക്ഷേത്രമതിലിന്റെ മുകൾഭാഗം അടർന്നുവീണതു സംബന്ധിച്ച് അന്വേഷിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എ.പത്മകുമാർ തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെത്തി. ഏറെ ചരിത്രപ്രാധാന്യമുള്ള ആനപ്പള്ള എന്നു വിശേഷിപ്പിക്കപ്പെടുന്ന മതിലിന്റെ തെക്കു കിഴക്കേ മൂലയുടെ മുകൾഭാഗമാണ് അടർന്നു വീണത്. സംസ്ഥാന പുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ളതാണ് ക്ഷേത്രമതിലും ശ്രീകോവിലും. പുരാവസ്തുവകുപ്പുമായി ചർച്ച നടത്തി മതിൽ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഉറപ്പു നൽകി. കാലപ്പഴക്കംകൊണ്ട് ജീർണ്ണിച്ച കിഴക്കും പടിഞ്ഞാറും ഗോപുരങ്ങൾ, നാലമ്പലം എന്നിവയുടെ കേടുപാടുകൾ തീർക്കുന്നതിന് ദേവസ്വംബോർഡ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരും. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ബി.രാധാകൃഷ്ണമേനോൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു, ദേവസ്വം മാനേജർ ഹരിഹരൻനായർ, സെക്രട്ടറി സജികുമാർ തിനപ്പറമ്പിൽ, ഗോപൻ മണിമുറി, അജീഷ് മഠത്തിൽ, ഗോപകുമാർ അനിൽവാസ്, ദിനേശൻ പാട്ടത്തിൽ എന്നിവർ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.