ചങ്ങനാശേരി : എന്തും നേരിടാനുള്ള തയ്യാറെടുപ്പിലാണ് എ.സി റോഡരികിലെ ഓരോ വീട്ടുകാരും. വീട്ടുപകരണങ്ങളും വളർത്തുമൃഗങ്ങളെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് ഭാഗികമായി മുങ്ങി. പുഴയും റോഡും ഒരുപോലെ ഒഴുകുകയാണ്. കിടങ്ങറയ്ക്കും മങ്കൊമ്പിനു ഇടയിലുള്ള ഭാഗത്താണ് വെള്ളം കൂടുതൽ. എ.സി റോഡിലെ ഗതാഗതം ഇന്നലെ രാവിലെ നിരോധിച്ചെങ്കിലും വൈകുന്നേരത്തോടെ ഭാഗികമായി പുനസ്ഥാപിച്ചു. സാഹസികമായി മാത്രമേ ഇതു വഴി ചെറു വാഹനങ്ങൾക്ക് പോകാൻ കഴിയു. റോഡരികിലെ അനേകം വീടുകൾ വെള്ളത്തിലാണ്. എ.സി റോഡ്, എ.സി കോളനികൾ, പായിപ്പാട് പഞ്ചായത്തിലെ പൂവം, നക്രാൽ, പുതുവൽ, അംബേദ്കർ കോളനി, വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരത്ത്, പറാൽ മേഖലകളിലാണ് ജലനിരപ്പുയരുന്നത്. ദുരിതാശ്വാസ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ വെള്ളം കയറിയ പ്രദേശത്തുള്ളവർ വീടുവിട്ട് ക്യാമ്പിലേക്ക് പോകാൻ മടിക്കുന്നു.
വെള്ളം കയറിയതിനെതുടർന്ന് ജനജീവിതം ദുസ്സഹമായി. മഴ തുടരുകയാണെങ്കിൽ എ.സി റോഡിലെ ഗതാഗതം പൂർണമായി നിർത്തിവയ്ക്കേണ്ടിവരും.
വിവിധ പ്രദേശങ്ങിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വലവീശുന്നവരുടെയും വെള്ളം കാണാൻ എത്തുന്നവരുടെയും തിരക്കുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ ഇത് രണ്ടാം തവണയാണ് വെള്ളം കയറുന്നത്. വെള്ളപ്പൊക്ക പ്രദേശങ്ങൾ ചങ്ങനാശേരി വില്ലേജ് ഓഫീസറുടെ നേത്യത്വത്തിൽ സന്ദർശിച്ചു. കൂടുതൽ ദുരിതമനുഭവിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു.