ganja

കോട്ടയം: കാറിന്റെ സ്‌പീക്കർ ബോക്‌സിൽ ഒളിപ്പിച്ച് അഞ്ചു കിലോ കഞ്ചാവ് കടത്തിയ രണ്ടു യുവാക്കൾ പിടിയിലായി. പുതുപ്പള്ളി സ്വദേശി അജിത് മാണി (30), ഭാര്യാ സഹോദരൻ ചക്കുളത്ത്കാവ് സ്വദേശി മനു മധു (19) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ മണർകാട് ഭാഗത്തെ പെട്രോൾ പമ്പിന് സമീപത്തു നിന്നുമാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. പുതുപ്പള്ളിയിൽ തുണിക്കട നടത്തുകയാണ് അജിത്. തമിഴ്‌നാട്ടിൽ നിന്ന് തുണിയെടുത്ത് തിരികെ വരുമ്പോൾ കാറിന്റെ സ്‌പീക്കർ ബോക്‌സിനുള്ളിൽ പൊതികളിലാക്കി കഞ്ചാവ് ഒളിപ്പിക്കുകയായിരുന്നു പതിവ്. കേരളത്തിന്റെ അതിർത്തി കടക്കുമ്പോൾ മുതൽ ചെറുകിട കഞ്ചാവ് കച്ചവടക്കാർക്ക് ഇത് കൈമാറും. ആയിരം രൂപയ്‌ക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് 20,000 മുതൽ 2,5000 രൂപയ്‌ക്ക് വരെയാണ് പ്രതികൾ വിറ്റിരുന്നത്.

ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ രാധാകൃഷ്‌ണപിള്ളയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്.നൂറുദീൻ, എക്‌സൈസ് ഇൻസ്‌പെക്ടർ അനൂപ് വി.പി , പ്രിവന്റീവ് ഓഫീസർമാരായ ടി.എസ് സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഞ്ജിത്ത് രമേശ്, റെജി കൃഷ്ണ, ജീമോൻ, അമൽ വേണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.