krishi

വൈക്കം: നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ നാറാണത്ത് ബ്ലോക്കിലെ 36 ഏക്കർ വർഷകൃഷി മടവീണ് നശിച്ചു.കൃഷിയുടെ സംരക്ഷണത്തിനായി ഏഴ് ലക്ഷം രൂപാ ചെലവഴിച്ച് സ്ഥാപിച്ചിരുന്ന മോട്ടോർപ്പുരയും, പെട്ടിയും പറയും കുത്തൊഴുക്കിൽ തകർന്നു. പുറംബണ്ട് പൊട്ടി പാടശേഖരങ്ങളിലേക്ക് പ്രളയജലം തള്ളിക്കയറിയാണ് കൃഷി നശിച്ചത്. ഇരുപത് വർഷമായി തരിശായി കിടന്ന പാടശേഖരം യോഗ്യമാക്കാൻ കഠിനാധ്വാനം തന്നെ വേണ്ടിവന്നു. തരിനില നെൽകൃഷി വികസന പദ്ധതിയിൽപ്പെടുത്തി 8 ലക്ഷം രൂപ ചെലവഴിച്ചാണ് പാടശേഖരം ശുചീകരിച്ച് വിത്തുപാകിയത്. 21 ദിവസം മുമ്പ് വിതച്ച് ഒരടി ഉയരത്തിൽ വളർന്ന നെൽചെടികളാണ് മുങ്ങി നശിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ കുത്തൊഴുക്കിൽ പാടശേഖരങ്ങളിൽ വെള്ളം പൊങ്ങി കൃഷി പാടെ നശിക്കുകയായിരുന്നു. ആദ്യ വിളവെടുപ്പിൽ ഒരു ലക്ഷം കിലോ നെല്ല് ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൃഷി ഇറക്കിയത്. തുടർന്ന് ഒരു നെല്ലും, ഒരുമീനും പദ്ധതിയും കൂടി നടപ്പാക്കി കർഷകർക്ക് കൂടുതൽ നേട്ടം നൽകുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. എല്ലാ പ്രതീക്ഷകളും ഒരു നിമിഷം കൊണ്ട് തകർന്ന് അടിയുകയായിരുന്നു. കൃഷി വകുപ്പിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമായാണ് കൃഷി നടപ്പാക്കിയത്. നഗരസഭാ ചെയർമാൻ പി. ശശിധരൻ, കൃഷി അസ്സിസ്റ്റന്റ് മേയ്‌സൺ മുരളി, പാടശേഖര സമിതി സെക്രട്ടറി രാമചന്ദ്രൻ, കൺവീനർ ഗിരീഷൻ, കർഷകസമിതിയംഗം ഗോപാലകൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ച് സർക്കാറിന് വിവരങ്ങൾ കൈമാറി.