thaikanal-palli

തലയോലപ്പറമ്പ്: ശക്തമായി തുടരുന്ന മഴയും മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെയും പുഴ, കായലോര നിവാസികളുടെ ജീവിതം ദുസ്സഹമായി. പ്രധാന റോഡുകളും ഉൾപ്രദേശത്തെ ഒട്ടുമിക്ക റോഡുകളും വെള്ളത്തിൽ മുങ്ങിയത് മൂലം വാഹന ഗതാഗതം തടസപ്പെട്ടു. വൈക്കം തലയോലപ്പറമ്പ് റോഡിൽ വല്ലകത്തും വടയാർ പൊട്ടൻചിറ പമ്പിനു സമീപവും വെട്ടിക്കാട്ട് മുക്ക് വെള്ളൂർ റോഡിലും വെള്ളംകരകവിഞ്ഞു ഒഴുകുകയാണ്. വടയാർ എഴുമാംതുരുത്തു റോഡിലും ടോൾ ചെമ്മനാകരി റോഡിലും വൈക്കം ടൗൺ കോവിലകത്തുംകടവ് റോഡിലും വെള്ളം നിറഞ്ഞത് വാഹന ഗതാഗതം ദു:സഹമാക്കുകയാണ്. ശക്തമായ കാറ്റിലും മഴയിലും വൈക്കത്തെ 18 വില്ലേജുകളിലായി 80 ഓളം വീടുകൾ പൂർണ്ണമായും 300 ഓളം വീടുകൾ ഭാഗീകമായും തകർന്നു. തലയോലപ്പറമ്പ്, മറവൻതുരുത്ത്, വെള്ളൂർ, ചെമ്പ്, ഉദയനാപുരം പഞ്ചായത്തുകളിലെ 4000 ൽ അധികം വീടുകളിൽ വെള്ളം കയറി. 8000 ൽപ്പരം വീടുകളിൽ വെള്ളം ഏത് നിമിഷവും കയറാവുന്ന തരത്തിലാണ് വെള്ളം ക്രമാതീതമായി ഉയർന്ന് കൊണ്ടിരിക്കുന്നത്. വൈക്കത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാറ്റിൽവൃക്ഷങ്ങൾ കടപുഴകി വീണ് നിരവധി വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞ് വീണു. പ്രധാന കേന്ദ്രങ്ങളിലും ഉൾപ്രദേശങ്ങളിലും അടക്കമുള്ള സ്ഥലങ്ങളിൽ വൈദ്യുതബന്ധം ഇനിയും പുനസ്ഥാപിക്കാനായിട്ടില്ല. നാല് ദിവസം തുടർച്ചയായി പെയ്യുന്ന കനത്ത മഴയും വരവ് വെള്ളവും വർദ്ധിച്ച് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറ് കണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. മൂവാറ്റുപുഴയാറിൽ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതോടെ തീരപ്രദേശത്ത് താമസിക്കുന്ന നൂറ് കണക്കിന് കുടുംബംങ്ങളുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. മറവൻതുരുത്ത് പഞ്ചായത്തിലെ നാല് വാർഡുകൾ പൂർണ്ണമായും 7 വാർഡുകൾ ഭാഗീകമായും വെള്ളത്തിനടിയിലായി.തലയോലപ്പറമ്പ് പഞ്ചായത്തിലെ 1,2,11,12,13, 15 വാർഡുകളിൽപ്പെട്ട വടയാർ ,കുടകുത്തി, മനക്കച്ചിറ, പന്ത്രണ്ടിൽ, കോരിക്കൽ, പഴംമ്പട്ടി, മാക്കോകുഴി, മുണ്ടോടി, തേവലക്കാട്, സ്രായിൽ, വെട്ടിക്കാട്ട് മുക്ക്, അടിയം, മിഠായിക്കുന്നം എന്നിഭാഗത്തെ
1800 ഓളം വീടുകളിൽ വെള്ളം കയറി. മുണ്ടോടി കോളനിയിലെ വീടുകൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്.വെള്ളൂർ പഞ്ചായത്തിലെ വെട്ടിക്കാട്ട് മുക്ക്, തൈക്കാവ്, കടുശേരിൽ, ഹൗസിംഗ് ബോർഡ് പ്രദേശം, കോളോത്ത്, ഉദയാ പറമ്പ് ക്ഷേത്രത്തിന് താഴ് വശം ചെറുകര, പുത്തൻചന്ത, കരിപ്പാടം തുടങ്ങി സ്ഥലങ്ങളിലെ 1000 ൽ അധികം വീടുകളിൽ വെള്ളം കയറി.
തേവലക്കാട്ടിൽകരിയാറിയോടു ചേർന്ന കാളിവേലി ഭാഗത്തും മക്കോക്കുഴി, ചക്കാല ഭാഗങ്ങളിലും മഴ തുടർന്നാൽ വെള്ളം കയറുമെന്ന സ്ഥിതിയാണ്. വെള്ളപ്പൊക്ക രൂക്ഷത കുറയ്ക്കാൻ തീർത്ത ചക്കാല ചീപ്പിന്റെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകയാണ്. മൂവാറ്റുപുഴ ആറിലും കരിയാറിലും വേമ്പനാട്ടുകായലിലും ജലനിരപ്പുയർന്നതോടെ പുഴ,കായലോരവാസികളും ഉൾപ്രദേശത്തെ താഴ്ന്ന സ്ഥലങ്ങളിൽ താമസിക്കുന്ന 8000 ത്തോളം വീടുകളിലെ പുരയിടങ്ങൾ വെള്ളക്കെട്ടിലായി. ജലനിരപ്പ് ഇനിയും ഉയർന്നാൽ കൂടുതൽ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. ഉദയനാപുരം, തലയാഴം, ചെമ്പ്, വൈക്കം ടൗൺ, വെള്ളൂർ, തലയോലപ്പറമ്പ് ,മറവൻതുരുത്ത് എന്നിവിടങ്ങളിൽ വീശിയ ശക്തമായ കാറ്റിലും മഴയിലും നിരവധി കാർഷകർക്ക് കനത്ത നാശനഷ്ടം ഉണ്ടായി. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതും തീരപ്രദേശത്ത് വസിക്കുന്നവരെ കൂടുതൽ ഭീതിയിലാക്കിയിട്ടുണ്ട്. വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് താലൂക്ക് അധികൃതർ പറഞ്ഞു. താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺ ടോൾ റൂം പ്രവർത്തിക്കുന്നുണ്ട്.

തലയോലപ്പറമ്പ് ഡി.ബി കോളേജ് 30 കുടുംബങ്ങളിൽ നിന്നും 67

തലയോലപ്പറമ്പ് ഏ.ജെ.ജോൺ സ്‌കൂളിൽ 60 കുടുംബങ്ങളിനിന്നു 170 പേരും

മറവൻതുരുത്ത് ശാന്തിനികേതൻ എൽ പി സ്‌കൂൾ 76 പേർ

മറവൻതുരുത്ത് ഗവ.യു പി സ്‌കൂൾ 170 പേർ

ഇടവട്ടം അറുപതിൽ എസ്. എൻ. ഡി. പി. ശാഖ ഓഡിറ്റോറിയം 80 പേർ,

കുലശേഖരമംഗലം ഗവ.എൽപി സ്‌കൂൾ 72 പേരും

ചെമ്പ് പഞ്ചായത്തിലെ ഏനാദി എൽ പി സ്‌കൂളിൽ 40 പേരും

ചെമ്പ് ഗവ. യു പി സ്‌കൂളിൽ 26 പേരും

വെള്ളൂർ പഞ്ചായത്തിലെ കരിപ്പാടം കാരുണ്യ മാതാ എൽ പി സ്‌കൂളിൽ 23 കുടുംബങ്ങളിലായി 54 പേരും വടകര സി.എം.എസ്സ് സ്‌കൂളിൽ 16 കുടുംബങ്ങളിൽ നിന്നായി 38 പേരും ഉദയനാപുരം

കൊടിയാട് കമ്മ്യൂണിറ്റി ഹാളിൽ 15 കുടുംബങ്ങളിലായി 37 പേരും

പടിഞ്ഞാറെക്കര ഗവ.എൽ പി സ്‌കൂളിൽ 40 കുടുംബങ്ങളിൽ നിന്നായി 130 പേരും

വല്ലകം സെന്റ് മേരീസ് സ്‌കൂളിൽ 50 കുടുംബങ്ങളിൽ നിന്നും 180 പേരും

മുളക്കുളം പഞ്ചായത്തിലെ മുളക്കുളം ഗവ.എൽ പി സ്‌കൂളിൽ 18 കുടുംബങ്ങളിൽ നിന്നും 44 പേർ