കോട്ടയം: വെള്ളപ്പൊക്കത്തിന്റെ പേരുപറഞ്ഞ് നെഹൃട്രോഫി വള്ളംകളി മാറ്റിയതോടെ ബോട്ട് ക്ലബ്ബുകൾ ലക്ഷങ്ങളുടെ കടക്കെണിയിലായി. കഴിഞ്ഞ വ‌ർഷവും ഇതേ കാരണത്താൽ വള്ളം കളിമാറ്റിയിരുന്നു. അതിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ട് ഇതുവരെ കൊടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ ഈ വർഷവും 'ഗോവിന്ദ"യെന്നാണ് ക്ലബ്ബ് ഭാരവാഹികൾ പറയുന്നത്.

ദിവസം ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് രണ്ടാഴ്ചയിലേറെ കോട്ടയത്തു നിന്നുള്ള അഞ്ചു ചുണ്ടൻ വള്ളങ്ങളും പരിശീലനം നടത്തിയിരുന്നു. കൂടുതൽ വേഗതയ്ക്കായി ചുണ്ടൻ വള്ളങ്ങൾ മീനെണ്ണ പുരട്ടിയും വാർണീഷിംഗ് നടത്തിയും പുകയിട്ടൊരുക്കാൻ ഒന്നേ മുക്കാൽ ലക്ഷം ചെലവായി. വള്ളം വലിച്ചു കൊണ്ടു പോകാൻ ബോട്ടും ബുക്കു ചെയ്തിരുന്നു . എല്ലാം കൂടി 25 ലക്ഷം വരെ ഓരോ ചുണ്ടനും ചെലവാക്കിയത് പലരിൽ നിന്നും കടം വാങ്ങിയായിരുന്നു. ആദ്യമായി നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിലെ വൻ സമ്മാന തുകയും ബോണസും പ്രതീക്ഷിച്ചായിരുന്നു ഇതൊക്കെ ചെയ്തത്.

 വള്ളംകളി എന്ന് നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല

എന്നു നടന്നാലും വീണ്ടും പരിശീലനം വേണം

 അത്രയുംദിവസത്തെ വള്ളവാടക നൽകണം

 വള്ളത്തിൽ 25ഒാളം അന്യസംസ്ഥാനക്കാരുണ്ട്

 ഇവരെ നിലനിറുത്താൻ അധിക ചെലവുണ്ട്

 ടീമിലുള്ള പട്ടാളക്കാർക്ക് അവധി നീട്ടാനാവില്ല

 ലീഗിലെ 12 മത്സരത്തിനും ടീമിനെ ഇറക്കണം

മാറ്റിയത് സ്പോൺസറെ

കിട്ടാത്തതിനാൽ?

വെള്ളപ്പൊക്കത്തിന്റെ പേരിലല്ല സ്പോൺസറെ കിട്ടാത്തതാണ് വള്ളംകളി മാറ്റാൻ കാരണമെന്നാണ് പ്രചാരണം. ടൂറിസം വകുപ്പ് ആദ്യ ലീഗായ നെഹൃട്രോഫി ഏറ്റെടുക്കുകയായിരുന്നു . ലക്ഷങ്ങളുടെ സമ്മാന തുകയും ബോണസും കൊടുക്കുക ഇതോടെ പ്രതിസന്ധിയിലായിരുന്നു. മഴ കാരണം ടിക്കറ്റ് വിൽപ്പനയും കാര്യമായി നടന്നില്ല.

കോട്ടയത്തു നിന്നുള്ള ചുണ്ടനുകൾ

എൻ.സി.ഡി.സി കുമരകം - ദേവസ് , കെ.ബി.സി കുമരകം - മഹാദേവിക്കാട്, വേമ്പനാട് ബോട്ട് ക്ലബ്ബ് കുമരകം- വീയപുരം, ടൗൺ ബോട്ട് ക്ലബ്ബ് കുമരകം- പായിപ്പാടൻ, നവജീവൻ ബോട്ട് ക്ലബ്ബ് മണിയാപറമ്പ് -ജവഹർ തായങ്കരി

പരിശീലനത്തിന്

ചെലവായത്

25 ലക്ഷം വരെ

വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ 17 ദിവസം പരിശീലന തുഴച്ചിൽ നടത്തി. ഒരു ദിവസം ഒന്നരലക്ഷത്തിനു മുകളിൽ ചെലവായി. വള്ളം പോളീഷിടാൻ ഒന്നേ മുക്കാൽ ലക്ഷമായി .ഇനി വള്ളംകളി നടത്തിയാലും ഇതിനടുത്ത് ചെലവ് വരും. 22 അന്യസംസ്ഥാന തുഴച്ചിൽകാർ ഞങ്ങൾക്കുണ്ട്. കളി മാറ്റിയതോടെ ക്ലബ്ബുകൾ ലക്ഷങ്ങളുടെ കട ബാദ്ധ്യതയിലാണ്. ചാമ്പ്യൻസ് ലീഗ് കണ്ടാണ് ഇറങ്ങിയത്. ഇനി ലീഗ് നടക്കുമോ എന്നുറപ്പില്ല . നഷ്ടം തീർക്കാൻ സർക്കാർ സഹായിച്ചേ പറ്റൂ .

അജയ്ഘോഷ്

വേമ്പനാട് ബോട്ട് ക്ലബ്ബ് പ്രസിഡന്റ്