perumankuthu
ചിത്രം:ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നല്ലതണ്ണിയാര്‍ കരകയറിയ പെരുമന്‍കുത്ത് ഭാഗം.

അടിമാലി: കഴിഞ്ഞ പ്രളയമേൽപ്പിച്ചതിലും വലിയ ആഘാതമേറ്റു വാങ്ങിയതിന്റെ ഞെട്ടലിലാണ് മാങ്കുളം നിവാസികൾ. പാറക്കുടിയിലും ശേവൽകുടിയിലും ഉരുൾപൊട്ടിയെത്തിയ മലവെള്ളമാണ് പഞ്ചായത്തിലെ ആറാംമൈൽ, അമ്പതാംമൈൽ ജനവാസമേഖലകളിലും സമീപത്തെ ആദിവാസി കോളനികളിലും ദുരിതം വിതച്ചത്. പ്രദേശവാസികൾ അതിജീവനത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഒലിച്ചു പോയ പെരുമൻകുത്ത് ആറാംമൈൽ റോഡ് ഇനിയെങ്ങനെ പുനർനിർമിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മഴയാരംഭിച്ചത് മുതൽ കഴിഞ്ഞ ഒരാഴ്ചയായി മാങ്കുളം നിവാസികൾ ഇരുട്ടിലാണ്. വൈദ്യുതി ബന്ധവും ടെലിഫോൺ ബന്ധവും പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. മൂന്ന് ദിവസമായി മുടങ്ങി കിടന്നിരുന്ന മാങ്കുളത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടു കിടക്കുന്ന പഞ്ചായത്തിലെ ആദിവാസി കോളനികളിൽ ഭക്ഷ്യക്ഷാമം അനുഭവപ്പെടാൻ സാധ്യതയേറെയാണ്. ഡീൻ കുര്യാക്കോസ് എം.പി, എസ്. രാജേന്ദ്രൻ എം.എൽ.എ, ദേവികുളം സബ്കളക്ടർ ഡോ. രേണു രാജ് എന്നിവർ മാങ്കുളത്തെ ദുരിത ബാധിത മേഖലകൾ സന്ദർശിച്ചു. ഒറ്റപ്പെട്ട് പോയ ഇടങ്ങളിൽ സഹായമെത്തിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും തകർന്ന റോഡുകളുടെ പുനർനിർമ്മാണം അടിയന്തരമായി നടത്തേണ്ടതുണ്ടെന്നും സന്ദർശന ശേഷം ഡീൻ പറഞ്ഞു.