തലയോലപ്പറമ്പ് : മൂവാറ്റുപുഴയാറിന്റെ പല ഭാഗങ്ങളും കരകവിഞ്ഞെഴുകിയതിനെ തുടർന്ന് വൈക്കത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കയറി കുടുങ്ങിപ്പോയവരെയും വീടുകളിൽ ഒറ്റപ്പെട്ട് പോയവരെയും കിടപ്പ് രോഗികളെയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തും ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിച്ച് ഫയർഫോഴ്‌സ് അംഗങ്ങൾ സംരക്ഷണമേകി. വൈക്കം ഫയർഫോഴ്‌സിന്റെ കൂട്ടായ പ്രവർത്തനം മൂലം കിടപ്പു രോഗികളും വൃദ്ധരുമായ 12 ഓളം പേരുടെ ജീവനുകളാണ് രക്ഷപ്പെടുത്താനായത്. വെള്ളം കൂടുതൽ കയറിയ വടയാർ, വൈക്ക പ്രയാർ, ഉദയനാപുരം, വല്ലകം, കെ.എസ് മംഗലം എന്നിവിടങ്ങളിലാണ് രക്ഷാപ്രവർത്തനം കൂടുതലും നടന്നത്. വൈക്കപ്രയാർ പ്രദേശത്ത് വെള്ളത്തിൽ അകപ്പെട്ട് പോയ മാനസിക വിഭ്രാന്തി ഉള്ള 2 പേരെ അടക്കം 18 ആളുകളെ കരക്കെത്തിച്ച് ക്യാമ്പിലേക്ക് മാറ്റി. ഉദയനാപുരം കളപ്പുരയ്ക്കൽ റോഡിൽ വൈദ്യുത ലൈനിലേക്ക് കടപുഴകി വീണ മരങ്ങൾ ഫയർഫോഴ്‌സ് അംഗങ്ങൾ എത്തി ഉടൻ വെട്ടിമാറ്റി. വൈദ്യുതകമ്പികൾ പൊട്ടി റോഡിൽ വീണെങ്കിലും സംഭവസമയത്ത് വൈദ്യുത പ്രവാഹം ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവാക്കുയായിരുന്നു. പ്രദേശത്ത് കനത്ത മഴക്കൊപ്പം ഇന്നലെ വീശിയ ശക്തമായ കാറ്റിൽ 8 ഓളം വീടുകൾക്ക് മുകളിലും 3 ഇടങ്ങളിൽ റോഡിന് കുറുകെയും മരങ്ങൾ കടപുഴകി വീണിരുന്നു. ഇവയെല്ലാം ഫയർഫോഴ്‌സ് എത്തിയാണ് മുറിച്ച് നീക്കം ചെയ്ത് അപകടാവസ്ഥ ഒഴിവാക്കിയത്. വൈക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം.പി.സജീവ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജി കുമാർ, ലീഡിങ് ഫയർമാൻ വി.കെ മുരളീധരൻ, ഫയർമാൻമാരായ ലെജി, ഹാഷിം, രഞ്ജിത്, അനീഷ് മഹേഷ്, രവീന്ദ്രൻ, സനീഷ്, വിശ്വംഭരൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.