തലയോലപ്പറമ്പ് :മൂവാറ്റുപുഴ ആറിന്റെ പ്രധാന കൈവഴിയായി അരനൂറ്റാണ്ട് മുൻപ് നിർമ്മിച്ച താഴപള്ളി ഭാഗത്ത് പുതിയതായി നിർമ്മാണം പൂർത്തിയാക്കിയ ഷട്ടറിൽ ചോർച്ച. നിറഞ്ഞ് കവിഞ്ഞെഴുകുന്ന മൂവാറ്റുപുഴയാറിൽ നിന്നും ഷട്ടറിന്റെ വിടവിലൂടെ കരികനാലിലേക്ക് വെള്ളം ശക്തമായി ഒഴുകുന്നതോടെ പ്രദേശവാസികൾ വീണ്ടും വെള്ളപ്പൊക്ക ഭീതിയിൽ. ഷട്ടർ സ്ഥാപിക്കുന്നതിന് മുമ്പ് കഴിഞ്ഞ തവണയുണ്ടായ പ്രളയത്തിൽ ഇതിന് സമീപം നിർമ്മിച്ച താത്ക്കാലിക ബണ്ട് തകർന്നതിനെ തുടർന്ന് തലയോലപ്പറമ്പ് പ്രദേശം അന്ന് മുങ്ങിയിരുന്നു. കനാലിലെ നവീകരണം ആരംഭിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനം ഇഴഞ്ഞു നീങ്ങുന്നതും അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനവുമാണ് ചോർച്ചയ്ക്ക് കാരണമെന്ന് ആക്ഷേപം ശക്തമാണ്. താഴപ്പള്ളി പാലത്തിന് സമീപം ഷട്ടർ നിർമ്മാണം പൂർത്തീകരിക്കാത്തതായിരുന്നു പ്രദേശവാസികളുടെ ഇതുവരെയുള്ള ഭീതിയെങ്കിൽ ഇപ്പോൾ ഷട്ടർ സ്ഥാപിച്ചതിന് ശേഷമുണ്ടായ ചോർച്ച ജനത്തെ വീണ്ടും വെള്ളപ്പൊക്കം രൂക്ഷമാക്കുമെന്ന ആശങ്കയിലാക്കിയിട്ടുണ്ട്. അതെ സമയം നിർമ്മാണം പൂർത്തിയായ കോൺക്രീറ്റ് ബീമിൽ മൂന്നര മീറ്റർ ഉയരത്തിലുള്ള ഷട്ടർ രണ്ട് മാസം മുൻപ് സ്ഥാപിച്ചെങ്കിലും ഷട്ടർ പൂർണ്ണമായി നിലത്ത് മുട്ടാത്തതിനാലാണ് പുഴയിൽ നിന്നും വെള്ളം ഇതിനിടയിലൂടെ കയറാൻ ഇടയാക്കുന്നത്. ഷട്ടർ ഉയർത്തുന്നതിനും താഴ്ത്തുന്നതിനും ആവശ്യമായ മെക്കാനിക്കൽ നിർമ്മാണവും ഇനിയും പൂർത്തികരിച്ചിട്ടില്ല.
ഫോട്ടോ: താഴപ്പള്ളി പാലത്തിന് സമീപം പുതിയതായി സ്ഥാപിച്ചിരിക്കുന്ന ഷട്ടറിനിടയിൽ നിന്നും മൂവാറ്റുപുഴയാറിലെ വെള്ളം കരികനാലിലേക്ക് ഇരച്ച് കയറുന്നു.