മാഞ്ഞൂർ : ശക്തമായ കാറ്റിൽ ക്ഷേത്രത്തിന് സമീപം നിന്ന ആൽമരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകളും ട്രാൻസ്‌ഫോർമറും തകർന്നു. മേമ്മുറി നാമംകുളങ്ങര ഭഗവതീ ക്ഷേത്രത്തിന് സമീപം നിന്ന ആൽമരമാണ് കാറ്റത്ത് കടപുഴകി വീണത്. ഇന്നലെ 11 മണിയോടെ പ്രദേശത്ത് വീശിയടിച്ച ശക്തമായ കാറ്റിലാണ് നിരവധി വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ ആൽമരം നിലംപൊത്തിയത്. മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടുകയും അഞ്ച് വൈദ്യുതപോസ്റ്റുകൾ ഒടിഞ്ഞു വീഴുകയും സമീപത്ത് സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോർമർ തകരുകയും ചെയ്തു. ആൽമരത്തിന്റെ വലിയ കമ്പുകൾ നേരത്തെ വെട്ടി നിറുത്തിയിരുന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. സംഭവ സമയം സമീപത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചിരിക്കുകയാണ്.ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെ കെ.എസ്. ഇ.ബി അധികൃതരെത്തി വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു