വൈക്കം: അനുജനും കൂട്ടുകാർക്കുമൊപ്പം വീട്ടുവളപ്പിലെ കുളത്തിൽ കുളിക്കുന്നതിനിടയിൽ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു. വൈക്കം തലയാഴം ഉള്ളാട്ട് അഡ്വ. ഗഗനന്റെ മകൻ ജി.അരവിന്ദ് (23) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 ഓടെ വീട്ടുവളപ്പിലെ വെള്ളം നിറഞ്ഞ് കിടന്ന വലിയകുളത്തിൽ അനുജൻ ആനന്ദിനും മറ്റു രണ്ട് സുഹൃത്തുക്കൾക്കുമൊപ്പം കുളിക്കുന്നതിനിടയിൽ അരവിന്ദ് മുങ്ങിത്താഴുകയായിരുന്നു. അനുജൻ ആനന്ദും സുഹൃത്തുക്കളും അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ കുളത്തിൽ ഇറങ്ങി അരവിന്ദിനെ മുങ്ങിയെടുത്ത് ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനം പൂർത്തിയാക്കിയ അരവിന്ദ് വിദേശത്തേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. മാതാവ് സുജ (കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയർ) മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോർച്ചറിയിൽ.