കോട്ടയം: പ്രളയകാലത്ത് ആവർത്തിക്കുന്ന ദുരന്തങ്ങളിൽ ആരോടെന്നില്ലാത്ത പരാതിയും പരിഭവവുമായി ജില്ലയുടെ പടിഞ്ഞാറൻ പ്രദേശവാസികൾ. ഗതാഗത തടസം, വാർത്താവിനിമയ സംവിധാനങ്ങളുടെ തകരാർ, ഭക്ഷ്യക്ഷാമം, ശൗചാലയങ്ങളുടെ അഭാവം തുടങ്ങി പ്രളയകാലദുരിതങ്ങളിൽ അധികൃതരുടെ അനാസ്ഥ തുടരുന്നതാണ് നാട്ടുകാരെ അസ്വസ്ഥരാക്കുന്നത്. ജനപ്രതിനിധികളോടും രാഷ്ട്രീയ നേതാക്കളോടും ഉദ്യോഗസ്ഥരോടുമൊക്കെ പലതവണ പറഞ്ഞിട്ടും തീരാത്ത സങ്കടങ്ങൾ ആരെ കണ്ടാലും പറഞ്ഞുതീർക്കുകയാണ്.
അത് ചിലപ്പോൾ രോഷപ്രകടനമാകും. കര -ജല മാർഗങ്ങൾ ഒരുപോലെയടഞ്ഞ് ഗതാഗത സൗകര്യമില്ലാതെ പ്രളയകാലത്ത് ഒറ്റപ്പെട്ടുപോകുന്ന പ്രദേശങ്ങൾ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുണ്ട്. കടകളിൽ ഭക്ഷ്യസാധനങ്ങളുടെ സ്റ്റോക്ക് തീരുന്നതോടെ ക്ഷാമമാകും. വൈദ്യുതി ബന്ധം നിലയ്ക്കുന്നതോടെ മൊബൈൽ ടവറുകൾ ഓഫായി വാർത്താവിനിമയ സംവിധാനം തകരാറിലാകും. എല്ലാ സ്ഥലങ്ങളിലേക്കും റോഡുണ്ടെങ്കിലും മഴക്കാലത്ത് വെള്ളത്തിനടിയിലാകും. അതുപോലെതന്നെ മിക്കവാറും പ്രദേശങ്ങളിലേക്ക് ജലമാർഗവുമുണ്ട്. എന്നാൽ തോടിന് കുറുകെ അശാസ്ത്രീയമായ പാലങ്ങളും കലുങ്കും നിറഞ്ഞതോടെ ആ വഴിയും അന്യമായി. ആവർത്തിച്ചുണ്ടാകുന്ന ദുരന്തത്തിൽ നിന്ന് പാഠമുൾക്കൊള്ളുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
►അറുപറയുടെ അപകടം
പ്രളയകാലത്ത് ഗതാഗതം മുടങ്ങുന്ന പ്രധാനപാതകളിലൊന്നാണ് കോട്ടയം- കുമരകം റോഡ്. വീതികുറവ്, പാലങ്ങളുടെ ബലക്ഷയം, മീനച്ചിലാറ്റിലേക്ക് ഇടിഞ്ഞുവീഴാൻ സാദ്ധ്യതയുള്ള സംരക്ഷണഭിത്തികൾ തുടങ്ങി വെള്ളപ്പൊക്കത്തിനൊപ്പം കുമരകം റോഡിനെ അലട്ടുന്ന പ്രശ്നങ്ങളും നിരവധിയാണ്. ഇതിൽ അറുപറ തോടിന് സമീപത്തെ സംരക്ഷണഭിത്തി ഏത് സമയത്തും ആറ്റിലേക്ക് തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. മൂന്നുപേരുടെ മരണം ഉൾപ്പെടെ മുൻകാലങ്ങളിൽ ആവർത്തിച്ചിട്ടുള്ള ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അറുപറയിൽ സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 1.46 കോടിരൂപ അനുവദിച്ച് ടെണ്ടർ നടപടികൾ വരെ പൂർത്തിയാക്കിയതുമാണ്. തുടർ നടപടികൾ ഉണ്ടായില്ല.
യു.ഡി.എഫ് ഭരണകാലത്ത് അറുപറ റോഡിന്റെ സംരക്ഷണം ആവശ്യപ്പെട്ട് നിരന്തരം സമരം നടത്തിയിരുന്ന പ്രസ്ഥാനമാണ് ഇടതുമുന്നണി. എന്നാൽ പിന്നീട് എൽ.ഡി.എഫ് അധികാരത്തിൽ വന്നിട്ടും സംരക്ഷണഭിത്തിയുടെ കാര്യത്തിൽ യാതൊരു നടപടിയുമുണ്ടായില്ല. അതുപോലെ കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായിരിക്കുന്ന കവണാറ്റിൻകരയിലെ രണ്ട് കലുങ്കുകളും, ആറ്റാമംഗലം പള്ളിക്ക് സമീപത്തെ കോണത്താറ്റ് പാലവും ബോട്ടുജട്ടിക്ക് സമീപത്തെ പാലവും കുമരകം റോഡിന്റെ തീരാശാപമായി തുടരുകയാണ്.
►കോട്ടയം - ആലപ്പുഴ ജലപാത
കോട്ടയം- ആലപ്പുഴ റൂട്ടിൽ ബോട്ട് യാത്ര പുനരാരംഭിക്കുകയെന്ന തിരുവാർപ്പ്, കാഞ്ഞിരം പ്രദേശങ്ങളിലെ ജനങ്ങളുടെ മുറവിളിയും അവഗണിക്കപ്പെട്ടു. കഴിഞ്ഞവർഷം ഉണ്ടായ മഹാപ്രളയത്തിൽ ദിവസങ്ങളോളം ഒറ്റപ്പെട്ടുപോയ പ്രദേശമാണിത്. അന്ന് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ആണയിട്ട് പറഞ്ഞകാര്യം കാഞ്ഞിരം ജെട്ടിയിൽ അവസാനിപ്പിക്കുന്ന ബോട്ട് സർവീസ് കോടിമതവരെ നീട്ടുമെന്നാണ്. പക്ഷേ പ്രളയജലം തിരിച്ചിറങ്ങിയതോടെ വാഗ്ദാനവും ഒലിച്ചുപോയി. 'ബോട്ട് കാഞ്ഞിരത്തുതന്നെ' എന്ന പുതിയൊരു ചൊല്ലുതന്നെ നാട്ടിലുണ്ടായി. റോഡിൽ വെള്ളം കയറി കരമാർഗം അടഞ്ഞതോടെ ഇത്തവണയും തിരുവാർപ്പ്, കാഞ്ഞിരം പ്രദേശങ്ങൾ ഒറ്റപ്പെടലിന്റെ നൊമ്പരം നന്നായി അനുഭവിക്കുകയും ചെയ്തു.
റോഡും പാലങ്ങളും ബലപ്പെടുത്തിയും ഉയർത്തിയും നിർമ്മിച്ചാൽ ഗതാഗതപ്രശ്നം ഒരുപരിധിവരെ പരിഹരിക്കപ്പെടും. അതിനൊപ്പം തോടുകളുടെ ആഴവും വീതിയും വർദ്ധിപ്പിച്ച് പോളയും പായലും വാരിമാറ്റിയാൽ ജലപാതകളിൽ പലതും ആപത്ത്ഘട്ടത്തിൽ രക്ഷാമാർഗമാകും. പാടശേഖരങ്ങളുടെ പുറം ബണ്ടുകൾ ബലപ്പെടുത്തിയാൽ ജനവാസമേഖലകളിലെ വെള്ളപ്പൊക്കവും നിയന്ത്രിക്കാം.
- എം.എസ്. സുമോദ്, ചെങ്ങളം. പൊതുപ്രവർത്തകൻ