പാലാ : മൂന്നുദിവസത്തെ തോരാമഴ മീനച്ചിൽ താലൂക്കിന് സമ്മാനിച്ചത് 3 കോടിയുടെ നഷ്ടം. റവന്യു - പഞ്ചായത്ത് അധികൃതരാണ് പ്രാഥമിക കണക്ക് തയ്യാറാക്കിയത്. വിശദമായ നഷ്ടക്കണക്കുകൾ ശേഖരിച്ചു വരുന്നതേയുള്ളൂവെന്ന് മീനച്ചിൽ തഹസിൽദാർ വി.എം.അഷറഫ് പറഞ്ഞു. തീക്കോയി, തലനാട് വില്ലേജുകളിൽ ഉരുൾപൊട്ടലിൽ ഏക്കറുകണക്കിനു കൃഷിഭൂമി നശിച്ചു. റോഡുകൾ തകർന്നു. കുത്തൊഴുക്കിൽ 2 പാലങ്ങൾ ബലക്ഷയത്തിലായി. മീനച്ചിൽ താലൂക്കിൽ കാറ്റിലും മഴയിലും 3 വീടുകൾ പൂർണമായും 75 വീടുകൾ ഭാഗികമായും തകർന്നു. പൂവരണി വില്ലേജിൽ 2 വീടും, കാണക്കാരി വില്ലേജിൽ ഒരു വീടുമാണ് പൂർണമായും തകർന്നത്.
2 പാലങ്ങൾക്ക് ബലക്ഷയം
വൻകൃഷിനാശം ഇവിടെ
കിടങ്ങൂർ
പൂവരണി
കാണക്കാരി
മുത്തോലി
തലനാട്
തീക്കോയി
പൂഞ്ഞാർ തെക്കേക്കര
മീനച്ചിൽ
മന്ത്രിയുടെ നിർദ്ദേശം : കൂടുതൽ
ദുരിതാശ്വാസ ക്യാമ്പുകൾ
മഴ ശമിച്ചെങ്കിലും മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മേഖലകളിൽ ഇന്നലെ പുതുതായി 3 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. കഴിഞ്ഞ ദിവസം പാലായിലെത്തിയ മന്ത്രി പി.തിലോത്തമന്റെ നിർദ്ദേശത്തെ തുടർന്നാണ് ക്യാമ്പുകൾ തുറന്നത്. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുന്നത്. തീക്കോയി , തലനാട് , പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിലായി തുറന്ന ക്യാമ്പുകളിൽ ഇന്നലെ വൈകിട്ടോടെ അൻപതോളം കുടുംബങ്ങളെത്തി. മഴ മാറി വെയിൽ തെളിഞ്ഞതിനാൽ പലരും ക്യാമ്പിലേക്ക് വരാൻ കൂട്ടാക്കുന്നില്ലെന്ന് വില്ലേജ് ഓഫീസർമാർ പറഞ്ഞു.