തലയോലപ്പറമ്പ് : തീരം ഇടിച്ചിൽ രൂക്ഷമായതോടെ വീട്ടിൽ അന്തിയുറങ്ങാൻ കഴിയാതെ ഭീതിയുടെ നിഴലിൽ ഒരു നിർദ്ധന കുടുംബം. മറവൻതുരുത്ത് പഞ്ചായത്തിലെ ആറാം വാർഡിൽ പാറക്കൽ കടവിന് സമീപം താമസിക്കുന്ന താഴത്തുവീട്ടിൽ ബൈജുവും (47) കുടുംബവുമാണ് ഭീതിയോടെ കഴിയുന്നത്. വീട് ഏതുനിമിഷവും പുഴ കവരുമെന്ന് സ്ഥിതിയിൽ ആയതോടെ ബന്ധുവീട്ടിലാണ് ഇവർ അന്തിയുറങ്ങുന്നത്. പഞ്ചായത്തിന്റെ 9 സെന്റ് പട്ടയ സ്ഥലത്ത് ചെറിയ വീട്ടിൽ താമസിക്കുന്ന കുടുംബത്തിന്റെ രണ്ട് സെന്റോളം സ്ഥലം നാല് വർഷം മുമ്പ് ഉണ്ടായ ശക്തമായ മഴയിൽ പുഴയിലേക്ക് ഇടിഞ്ഞു പോയിരുന്നു. ഇപ്പോൾ പുഴയും വീടും തമ്മിലുള്ള ദൂരം രണ്ടു മീറ്ററിൽ താഴെയാണ്. കഴിഞ്ഞ പ്രളയത്തിൽ ആറ്റുതീരത്തോട് ചേർന്നുള്ള ഭാഗം കൂടുതൽ ഇടിഞ്ഞതോടെ ഭീതി കൂടുതൽ രൂക്ഷമാക്കി.അപകടാവസ്ഥ അധികൃതരെ മനസ്സിലാക്കിയതിനെ തുടർന്ന് 2016ൽ തീരം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് ഇറിഗേഷൻ വകുപ്പ് എ. ഇ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് 22.50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. പിന്നീട് നിർമ്മാണ പ്രവർത്തനത്തിനായി ഉദ്യോഗസ്ഥരടക്കമുള്ളവർ എത്തി സ്ഥലം സന്ദർശിച്ചെങ്കിലും തുടർനടപടി പിന്നീട് നിലക്കുകയായിരുന്നു.കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന ശക്തമായ മഴയിലും മൂവാറ്റുപുഴയാറിൽ വെള്ളത്തിലെ കുത്തൊഴുക്കിലും വീട് ഏത് നിമിഷവും പുഴയിലേക്ക് ഇടിയുന്ന സ്ഥിതിയിൽ എത്തി നിൽക്കുകയാണ്. കെട്ടിട നിർമ്മാണ തൊഴിലാളിയായ ബൈജുവിന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഭാര്യ സുമയും വിദ്യാർഥികളായ അമൽ, അശ്വിൻ എന്നീ രണ്ട്മക്കളും ഭാര്യയുടെ രോഗികളായ മാതാപിതാക്കളായ സോമനും വാസന്തിയും കഴിയുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഭാര്യാ പിതാവ് സോമൻ. ഇദ്ദേഹത്തിന്റെ ഭാര്യ വാസന്തിയും രോഗംമൂലം അവശതയിലാണ്. പുഴയിൽ നിന്നും കുത്തി ഒഴുകി വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് രോഗികളായ വരെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. നിരവധിതവണ വീടിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്നും പുരയിടത്തിൽ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നും പുരയിടം താഴ്ന്ന് വീടിന്റെ ഭിത്തികൾക്ക് വിള്ളലുകൾ വീണു. പാറക്കൽകടവ് മുതൽ ചുങ്കം വരെയുള്ള ഭാഗത്തെ മൂവാറ്റുപുഴ യാറിന്റെ തീരം സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് ആവശ്യം നാട്ടുകാർ പതിറ്റാണ്ടുകളായി ഉന്നയിക്കാറുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് തീരമിടിച്ചിൽ വ്യാപകമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.